കോട്ടയം : ലക്ഷക്കണക്കിന് രൂപയുടെ അനധികൃത പണപ്പിരിവ് നടത്തിയെന്ന ആരോപണത്തിൻ്റെ പശ്ചാത്തലത്തിൽ, ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യരെ തൽസ്ഥാനത്ത് നിന്ന് നീക്കുമെന്ന് സൂചന. കോട്ടയത്ത് ഇന്നു ചേരുന്ന നിർണായക ഭാരവാഹിയോഗം ഇതു സംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്.
ബിജെപിയുടെ നാല് ജില്ലാ അധ്യക്ഷന്മാരുടെ പരാതിയെത്തുടർന്നാണ് നടപടി. തങ്ങളുടെ അറിവില്ലാതെ ജില്ലകളിൽ നിന്ന് സന്ദീപ് വാര്യർ ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്തുവെന്നാണ് ഇവർ നേതൃത്വത്തിന് പരാതി നൽകിയത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലാ പ്രസിഡന്റുമാരാണ് പരാതി നൽകിയത്.
പ്രാഥമികാന്വേഷണത്തിൽത്തന്നെ ആരോപണത്തിൽ വസ്തുതയുണ്ടെന്ന് ബിജെപി നേതൃത്വത്തിന് ബോധ്യമായതിനെ തുടർന്നാണ് നടപടി. പരാതി നൽകിയ ജില്ലാ അധ്യക്ഷന്മാരെയും സന്ദീപ് വാര്യരെയും തിരുവനന്തപുരത്തു വരുത്തി വിശദീകരണ തേടിയിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സമിതിയാണ് വിശദീകരണം തേടിയത്.