കോടിയേരിയെത്തൊട്ടുള്ള കളി വേണ്ടെന്ന് ന്യൂമാഹി പോലീസ് സ്റ്റേഷനകത്തു കയറി ചൂണ്ടുവിരൽ നീട്ടിത്തന്നെ പറഞ്ഞു, തലശേരിയിലെ സഖാക്കൾ. അവർ അധികം പേരൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, രാത്രിയുടെ മറവിൽ നീക്കം ചെയ്ത ബോർഡുകളും ബാനറുകളും ബാനറുകളും പട്ടാപ്പകൽ അതേ, പോലീസുകാരെക്കൊണ്ട് തിരിച്ചുവെപ്പിക്കാൻ ചെന്നവർ തന്നെ ധാരാളമായിരുന്നു. സ്ഥലം മാറ്റത്തിനുള്ള ഉത്തരവ് എസ്എച്ച്ഒയ്ക്കു കിട്ടും മുമ്പേ, ചെയ്യിക്കേണ്ടത് ചെയ്യിച്ചിരുന്നു.
എന്നാലും?
ഇത്രയ്ക്കു വകതിരിവില്ലാത്തവരാണോ ന്യൂമാഹിയിലെ പോലീസുകാർ? മുൻ ആഭ്യന്തര വകുപ്പു മന്ത്രി കൂടിയാണ് സഖാവ് കോടിയേരി ബാലകൃഷ്ണൻ. പയ്യാമ്പലത്തെ ആ ചിതയും സഖാക്കളുടെ നെഞ്ചിലെ കനലും അണയാറായിട്ടില്ല. ആ ഓർമ്മകൾക്കു മുന്നിൽ കേരളത്തിൻ്റെ മുഖ്യമന്ത്രിയടക്കം വിതുമ്പി നിൽക്കുന്നത് ലോകം തൽസമയം കണ്ടതാണ്.
എന്നിട്ടും.
കോടിയേരി ബാലകൃഷ്ണൻ ജനിച്ചു വളർന്ന നാട്ടിൽ, അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു സ്ഥാപിച്ച ബോർഡും ബാനറും ഇരുട്ടത്തു ചെന്ന് നീക്കം ചെയ്യാൻ ഒരു കൂസലുമുണ്ടായില്ല ന്യൂമാഹി സ്റ്റേഷനിലെ ഏമാന്മാർക്ക്.
പൊലീസ് നിർദ്ദേശിച്ചാൽ ബോർഡും ബാനറുകളും സ്വമേധയാ നീക്കം ചെയ്യുന്നവരും ചെയ്തിട്ടുള്ളവരുമാണ് സഖാക്കൾ. ഇരുട്ടിൻ്റെ മറവിലെ അധികാരപ്രയോഗത്തിന് പോലീസ് തറ്റുടുത്തിറങ്ങേണ്ട സ്ഥിതി നിലനിൽക്കുന്ന നാടല്ല അത്. കാര്യം ബോധ്യപ്പെടുത്തിയാൽ, ബോർഡു സ്ഥാപിച്ച അതേ ആദരവോടെ അതു നീക്കം ചെയ്യാനും പാർടി പ്രവർത്തകർക്കറിയാം.
കോടിയേരിയുടെ പ്രസന്നമായ മുഖമുള്ള ബോർഡും ബാനറും സ്ഥാപിക്കാൻ സ്വന്തം പറമ്പോ മറ്റു സൗകര്യങ്ങളോ ചെയ്തുകൊടുക്കാൻ ഒരു മടിയുമില്ലാത്ത എത്രയോ പേരുണ്ട്, ഈ പ്രദേശങ്ങളിൽ. പ്രവർത്തകരും അനുഭാവികളും പാർടി ബന്ധുക്കളും സുഹൃത്തുക്കളും, എന്തിന് എതിർ രാഷ്ട്രീയചേരിയിലുള്ളവർ പോലും.
അതിനുള്ള സാധ്യത തേടാനുള്ള വകതിരിവ് ന്യൂമാഹിയിലെ പോലീസകാർ കാണിച്ചില്ല. പകരം ചെയ്തതോ, കോടിയേരിയുടെ ചിരിക്കുന്ന മുഖത്ത് ചവിട്ടാൻ പാകത്തിന് ഈ ബോർഡുകൾ സ്റ്റേഷൻ വളപ്പിലേയ്ക്ക് വലിച്ചെറിയുകയായിരുന്നു അവർ. അങ്ങനെ ചെയ്യമ്പോൾ, എന്തായിരുന്നിരിക്കും ആ പോലീസുകാരുടെ മനസിൽ?
പാർടി കോട്ടയിൽ കടന്നുചെന്ന്, ഈ ധീരകൃത്യത്തിന് മുതിർന്ന നിർഭയത്വത്തിന് മാധ്യമങ്ങളിൽ ഉയരുന്ന വാഴ്ത്തുമൊഴികൾ? സാംസ്ക്കാരിക, സാഹിത്യ നായകരുടെ പൂച്ചെണ്ടുകൾ? കൂസലില്ലാത്ത കൃത്യനിർവഹണത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ കുത്തിയൊഴുകുന്ന അഭിനന്ദനപ്രവാഹം? എന്തൊക്കെയായിരിക്കും അവർ സ്വപ്നം കണ്ടിരിക്കുക.
സ്ഥലം കണ്ണൂരാണ്. സൂര്യനുദിക്കുമ്പോൾത്തന്നെ സഖാക്കൾ വിവരമറിയുമെന്നും പ്രതിഷേധമിരമ്പുമെന്നും അറിയാത്തവരല്ല ന്യൂമാഹിയിലെ പോലീസുകാർ. ഈ കർത്തവ്യ നിർവഹണത്വരയെ പരസ്യമായി പിന്തുണയ്ക്കാൻ കോൺഗ്രസിലോ യുഡിഎഫിലോ ആരും മെനക്കെടില്ലെന്നും സാമാന്യബുദ്ധിയുള്ളവർക്ക് ഊഹിക്കാം. എന്നിട്ടും പോലീസുകാർ ഇതു ചെയ്തു.
ആരെ പ്രസാദിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം? ഉത്തരം കിട്ടേണ്ടത് ആ ചോദ്യത്തിനാണ്. കോടിയേരി അന്തരിച്ച വിവരം പുറത്തു വന്ന് അധികം വൈകാതെ അദ്ദേഹത്തെ പൊതുമണ്ഡലത്തിൽ അപമാനിക്കാൻ ആദ്യം മുതിർന്നത് തിരുവനന്തപുരത്തെ ഒരു പോലീസുകാരനായിരുന്നു. പിന്നീടൊരു അധ്യാപിക. അതിൻ്റെ തുടർച്ചയാണ് ന്യൂമാഹി സ്റ്റേഷനിൽ കണ്ടത്. ആദ്യത്തെ രണ്ടുകൂട്ടർക്കും വ്യക്തമായ രാഷ്ട്രീയമുണ്ട്. ഈ പോലീസുകാർക്കോ?
ലാഘവത്തോടെ കാണേണ്ട തെറ്റല്ല, ആ പോലീസുകാരുടേത്. പാർടിയുടെ അന്തസ് പ്രതിഷേധിച്ച സഖാക്കൾ ഉയർത്തിപ്പിടിച്ചു. എസ്എച്ച്ഒയെ തൽക്ഷണം സ്ഥലംമാറ്റിക്കൊണ്ട് സർക്കാരും ഉടനടി പ്രവർത്തിച്ചു. അതിനുമപ്പുറത്ത് ആ പോലീസ് സ്റ്റേഷനിൽ തിരുത്തപ്പെടേണ്ട ശൈലി നിലനിൽക്കുന്നുവെങ്കിൽ, അടിയന്തര ശസ്ത്രക്രിയയ്ക്ക് വൈകരുത്.