കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികളർപ്പിച്ച് സ്ഥാപിച്ച ബോർഡുകളും ബാനറുകളും രാത്രിയുടെ മറവിൽ നീക്കം ചെയ്ത ന്യൂമാഹി പോലീസിനെതിരെ ജനരോഷം. രോഷാകുലരായ പാർടി പ്രവർത്തകർ സ്റ്റേഷനിലെത്തിയതോടെ എടുത്തുമാറ്റിയ ബോർഡുകൾ തിരിച്ചുവെച്ച് പോലീസുകാർ പ്രായശ്ചിത്തം ചെയ്തു. എസ്എച്ച്ഒ വിപിനെ സ്ഥലം മാറ്റാനും തീരുമാനമായിട്ടുണ്ട്.
കോടിയേരിയുടെ ജന്മനാടായ ഈങ്ങയിൽപ്പീടിക അടക്കമുള്ള പ്രദേശങ്ങളിൽ സ്ഥാപിച്ച ബോർഡുകളും ബാനറുകളുമാണ് ഒന്നു മുന്നറിയിപ്പുമില്ലാതെ പോലീസ് നീക്കം ചെയ്തത്. കോടിയേരി നോർത്ത്, സൗത്ത്, ന്യൂമാഹി ലോക്കൽ കമ്മിറ്റികൾക്ക് കീഴിലുള്ള എല്ലാ ബ്രാഞ്ചുകളും അന്തരിച്ച സഖാവിന് ആദരാഞ്ജലികൾ അർപ്പിച്ച് ബോർഡുകൾ സ്ഥാപിച്ചിരുന്നു. സഖാവിൻ്റെ അകാലവിയോഗത്തിൽ രാഷ്ട്രീയ ഭേദമെന്യെ കേരളം ദുഃഖം പ്രകടിപ്പിക്കുമ്പോഴാണ് ന്യൂമാഹി പോലീസിൻ്റെ ഈ അതിക്രമം.
രാവിലെയാണ് പാർടി പ്രവർത്തകർ കാര്യമറിഞ്ഞത്. രാഷ്ട്രീയ എതിരാളികളുടെ ചെയ്തിയാണോ എന്ന സംശയം ആദ്യം ഉയർന്നുവെങ്കിലും കാര്യമറിഞ്ഞതോടെ അവർ ന്യൂമാഹി പോലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷൻ പരിസരത്തു കണ്ടത്, ചുരുട്ടിക്കൂട്ടിയും വലിച്ചെറിയപ്പെട്ടുമുള്ള കോടിയേരിയുടെ ചിത്രങ്ങൾ. സ്വാഭാവികമായും പാർടി പ്രവർത്തകരുടെ രോഷം ഇരട്ടിച്ചു. തലശേരി ഏരിയാ കമ്മിറ്റി അംഗം വി പി വിജേഷിൻ്റെ നേതൃത്വത്തിൽ സ്റ്റേഷനുള്ളിൽ പ്രവർത്തകരുടെ പ്രതിഷേധമിരമ്പി.
കാര്യം കൈവിട്ടുപോകുമെന്ന് മനസിലായതോടെ എടുത്ത ബോർഡുകൾ തങ്ങൾ തന്നെ തിരിച്ചു സ്ഥാപിക്കാമെന്ന് പോലീസുകാർ സമ്മതിച്ചു. തുടർന്ന് ബോർഡുകളും ബാനറുകളും തിരിച്ചുകൊണ്ടുവെച്ചതോടെ പാർടി പ്രവർത്തകരും മടങ്ങി. ന്യൂമാഹി പോലീസിനെതിരെ ഡിവൈഎഫ്ഐ നോർത്ത് മേഖലാ സെക്രട്ടറി ഷൈൻ കുമാർ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിട്ടുണ്ട്.
തലശേരി ഡിവൈഎസ്പി സ്ഥലത്തെത്തി പാർടി നേതാക്കളുമായി ചർച്ച നടത്തിയാണ് പ്രശ്നം പരിഹരിച്ചത്.