ഇടുക്കി കഞ്ഞിക്കുഴിയില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗീകാധിക്ഷേപം നടത്തിയ കേസില്‍ ആര്‍എസ്എസ് അധ്യാപക സംഘടനാ നേതാവ് അറസ്റ്റില്‍. ആര്.എസ്.എസ് അനുകൂല അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്തിൻ്റെ ജില്ലാ പ്രസിഡന്റ്
ഹരി ആര് വിശ്വനാഥാണ് പിടിയിലായത്.
ആഗസ്റ്റ് 12 മുതല്‍ 18 വരെയാണ് ഇടുക്കി കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷന് പരിധിയിലെ ഒരു സ്കൂളില്‍ നടന്ന എന്‍.എസ്.എസ് ക്യാമ്പിനിടെ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗീകാധിക്ഷേപം നടത്തിയെന്നാണ് ഇയാള്‍ക്കെതിരായ കേസ്. എന്‍എസ്എസ് ക്യാമ്പില്‍വെച്ച് പെണ്‍കുട്ടികള്‍ താമസിക്കുന്ന മുറിയില്‍ കയറി ലൈംഗികചുവയോടെ സംസാരിക്കുകയും പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്നത് ഒളിഞ്ഞ് നോക്കിയെന്നുമായിരുന്നു പരാതി. പോക്സോ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി . എന്നാല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയും കോടതി നിഷേധിക്കുകയും ചെയ്തതോടെ ഇയാള്‍ കഞ്ഞിക്കുഴി സി ഐക്ക് മുന്നിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാളെ തൊടുപുഴ പോക്സോ കോടതി റിമാന്റ് ചെയ്തു.
കഞ്ഞിക്കുഴി പഞ്ചായത്തില്‍ ആര് എസ് എസിൻ്റെ പഠന ക്ലാസുകള്‍ നയിക്കുന്നയാളാണ് ഹരി ആര് വിശ്വനാഥ്. ഇയാള്‍ക്കെതിരെ മുന്‍പും സമാനമായ പരാതി ഉയര്‍ന്നിരുന്നു. ഈ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നതിൻ്റെ ഓഡിയോയും പുറത്തുവന്നിരുന്നു. ഇയാളെ നിലവില്‍ സ്കൂള്‍ മാനേജ്മെന്റ് സസ്പെന്റ് ചെയ്തിരിക്കുകയാണ്.
പെണ്‍കുട്ടികളുടെ മുറിയില്‍ കയറി ലൈംഗികാധിക്ഷേപം , ആര്‍എസ്എസുകാരനായ അധ്യാപകനെതിരെ പോക്സോ കേസ്