മധ്യപ്രദേശിൽ ക്ഷേത്ര പരിസരത്ത് വീഡിയോ ചിത്രീകരിച്ച ഇൻസ്റ്റാഗ്രാം താരത്തിനെതിരെ കേസെടുക്കാൻ നിർദേശിച്ച് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ഛത്തർപൂർ ജില്ലയിലെ നേഹ മിശ്ര എന്ന യുവതിക്കെതിരെയാണ് നടപടി. ഇൻസ്റ്റാഗ്രാമിൽ നാല് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള താരമാണ് നേഹ.
छतरपुर में माता बम्बरबैनी मंदिर परिसर में आपत्तिजनक फिल्मांकन के खिलाफ एफआईआर दर्ज करने के निर्देश पुलिस अधीक्षक को दिए गए हैं। pic.twitter.com/X7euV9Z1qv
— Dr Narottam Mishra (@drnarottammisra) October 4, 2022
കഴിഞ്ഞ ശനിയാഴ്ചയാണ് മാതാ ബമ്പർഭൈനി ക്ഷേത്ര പരിസരത്ത് വെച്ച് നേഹ വീഡിയോ ചിത്രീകരിച്ചത്. ബോളിവുഡിലെ ഹിറ്റ് ഗാനമായ ‘മുന്നി ബദ്നാം ഹുയി’ എന്ന ഗാനവും റീലിലുണ്ടായിരുന്നു. എന്നാൽ നേഹ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ബജ്റംഗ്ദൾ പ്രവർത്തകർ വീഡിയോക്കെതിരെ രംഗത്തുവന്നു. നേഹയുടെ വിഡിയോ മതവികാരം വ്രണപ്പെടുത്തിയെന്നും ബജ്റംഗ്ദൾ പ്രവർത്തകർ ആരോപിച്ചു. ബജ്റംഗ്ദൾ പ്രവർത്തകരുടെ എതിർപ്പ് ശക്തമായതോടെ ഇൻസ്റ്റാഗ്രാമിൽ നിന്ന് നേഹ റീൽ ഡിലീറ്റ് ചെയ്യുകയും മാപ്പുപറയുകയുമായിരുന്നു.
ഇതോടെ വിഷയത്തിൽ ഇടപെട്ട ആഭ്യന്തര മന്ത്രിയും പ്രമുഖ ബിജെപി നേതാവുമായ നരോത്തം മിശ്ര ചൊവ്വാഴ്ച യുവതിക്കെതിരെ കേസെടുക്കാൻ നിർദേശിക്കുകയായിരുന്നു. “നേഹയുടെ വസ്ത്രധാരണ രീതിയും വീഡിയോ ചിത്രീകരിച്ച രീതിയും പ്രതിഷേധാർഹമാണ്. ഇത്തരം സംഭവങ്ങളെ നേരത്തെ എതിർത്തിരുന്നു. ഇത്തരം കേസുകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് പറഞ്ഞിരുന്നു. മുന്നറിയിപ്പ് നൽകിയിട്ടും അവർ ഇത് ചെയ്തു. നേഹക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യാൻ ഛത്തർപൂർ പോലീസ് സൂപ്രണ്ടിന് നിർദ്ദേശം നൽകിയിട്ടുണ്ട്” എന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.