ഡിസിസി അംഗത്തിനെതിരായ പീഡന പരാതി വിവാദമായതോടെ മുഖം രക്ഷിക്കാൻ ഡിസിസി അംഗത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി. തിരുവനന്തപുരം ഡിസിസി അംഗം വേട്ടമുക്ക് മധുവിനെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. മഹിളാ കോൺഗ്രസ് നേതാവിനെയാണ് വെട്ടമുക്ക് മധു പീഡിപ്പിക്കാൻ ശ്രമിച്ചത്. പീഡന പരാതി ഒതുക്കാൻ മഹിളാ നേതാവിനെ ഡിസിസി അംഗം ഭീഷണിപ്പെടുത്തുന്നതിൻ്റെ ഓഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
ആറ് മാസം മുൻപ് യുവതിക്ക് വേട്ടമുക്ക് മധു പതിനായിരം രൂപ നൽകിയിരുന്നു. അതിനു പിന്നാലെയാണ് യുവതിയോട് ഇയാൾ നിരന്തരം അസഭ്യ സംഭാഷണങ്ങൾ നടത്തിയത്. യുവതിക്ക് വാട്സാപ്പിലൂടെ അശ്ളീല ദൃശ്യങ്ങളും ചിത്രങ്ങളും ഇയാൾ അയച്ചു നൽകിയിരുന്നു. ഒടുവിൽ വീട്ടിൽ അതിക്രമിച്ച് കയറിയ മധു യുവതിയെ കടന്നുപിടിക്കുകയായിരുന്നു. മധുവിനെതിരെ യുവതി പാർട്ടിയിൽ പരാതി നൽകിയിട്ടും കോൺഗ്രസ് നേതൃത്വം ഇയാൾക്കെതിരെ നടപടിയെടുത്തില്ല. പകരം പ്രതിയെ സംരക്ഷിക്കാനുള്ള നീക്കങ്ങളിലായിരുന്നു ജില്ലാ നേതൃത്വം.
ഇതോടെയാണ് കഴിഞ്ഞ മാസം മഹിളാ നേതാവ് പോലീസിൽ പരാതി നൽകിയത്. പരാതികാരിയുടെ മൊഴി രേഖപ്പെടുത്തിയ പൂജപ്പുര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റടക്കമുള്ള നടപടികളിലേയ്ക്ക് പൊലീസ് ഉടൻ നീങ്ങുമെന്നും സൂചനയുണ്ട്.
പീഡന പരാതി ഒതുക്കി തീർക്കാൻ മഹിളാ നേതാവിന് ഡിസിസി അംഗത്തിൻ്റെ ഭീഷണി