മാധ്യമ പ്രവർത്തകർക്ക് നേരെ വിചിത്ര ഉത്തരവുമായി ഹിമാചല്പ്രദേശ് സര്ക്കാര്. ഹിമാചൽ പ്രദേശിൽ പ്രധാനമന്ത്രിയുടെ പരിപാടി റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി . സ്വഭാവസർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മാധ്യമപ്രവർത്തകർക്ക് മാത്രമേ പാസ് നൽകു എന്ന് അധികൃതർ അറിയിച്ചു. എന്നാൽ നടപടി വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു. സ്വകാര്യ പത്ര, ടെലിവിഷൻ മാധ്യമപ്രവർത്തകർക്ക് മാത്രമല്ല, ദൂരദർശൻ ഉൾപ്പടെയുള്ള സർക്കാർ മാധ്യമ സ്ഥാപനങ്ങളിലെ റിപ്പോർട്ടർമാർക്കും സ്വഭാവ സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമേ പരിപാടിയിൽ പങ്കെടുക്കാനുള്ള പാസ് നൽകാനാകു എന്നായിരുന്നു ഉത്തരവ്. വ്യാഴ്ചയാണ് സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പോലീസ് ഉത്തരവിട്ടത്. ഇതിനായി ജില്ലാ പബ്ലിക് റിലേഷൻ ഓഫീസറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
എയിംസ് ഉദ്ഘാടനം, കുളു ദസ്റ എന്നിവയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നാളെ ഹിമാചലിൽ എത്തുന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ മാസം പ്രധാനമന്ത്രി ഹിമാചൽ പ്രദേശ് സന്ദർശനം ഒഴിവാക്കിയിരുന്നു. ഈ സന്ദർശനമാണ് പുനക്രമീകരിച്ചത്. നടപടി മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ഒരു സർട്ടിഫിക്കറ്റുമില്ലാതെ റാലിയിൽ പങ്കെടുപ്പിക്കാൻ പാർട്ടി പ്രവർത്തകരെ എത്തിക്കുമ്പോഴാണ് മാധ്യമങ്ങൾക്ക് മാത്രം പാസ് നിർബന്ധമാക്കിയിരിക്കുന്നത്.
മോദി ഭരണകാലത്ത് ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം കുറഞ്ഞു വരികയാണെന്ന് നേരത്തെ ആരോപണങ്ങൾ ഉണ്ടായിരുന്നു. 2022 ജൂലൈയിൽ വേൾഡ് പ്രസ്സ് ഫ്രീഡം ഇൻഡക്സ് പുറത്തുവിട്ട റിപ്പോർട്ടിൽ 150 ൽ 142 ആയിരുന്നു ഇന്ത്യയുടെ സ്ഥാനം.