രാജ്യത്ത് നിരോധിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുൻ ചെയർമാൻ ഒ എം എ സലാമിനെ പിരിച്ചുവിട്ട് കെ എസ് ഇ ബി. മഞ്ചേരിയിലെ റീജിയണൽ ഓഡിറ്റ് ഓഫീസിൽ സീനിയർ ഓഡിറ്റ് ഓഫീസറായിരുന്നു സലാം. പിഎഫ്ഐ നിരോധിക്കപ്പെട്ടതിന് പിന്നാലെയാണ് നടപടി. പിഎഫ്ഐയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് അനുമതിയില്ലാതെ വിദേശയാത്രകൾ നടത്തിയതും സർവ്വീസ് ചട്ടം ലംഘിച്ചതും ഉൾപ്പെടെയുള്ള കാരണങ്ങളാൽ 2020 ഡിസംബർ 14 മുതൽ സലാം സസ്പെൻഷനിലായിരുന്നു.
സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള നടപടികളുടെ ഭാഗമായി ആഗസ്റ്റിൽ സലാമിന് ഷോകോസ് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ സലാം ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂലമായ വിധി സമ്പാദിക്കാനായിരുന്നില്ല. പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎയും എൻഫോയ്സ്മെന്റ് ഡയറക്ടറേറ്റും സംയുക്തമായി നടത്തിയ രാജ്യവ്യാപകമായി റെയ്ഡിനോട് അനുബന്ധിച്ച് സലാമിനെ അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ സലാം എൻഐഎയുടെ കസ്റ്റഡിയിലാണ്.
അതേസമയം നിയമ വിരുദ്ധ സംഘടനായി ചൂണ്ടിക്കാണിച്ച് പിഎഫ്ഐയെ നിരോധിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ അടച്ചു പൂട്ടിയിരുന്നു. അടച്ചുപൂട്ടിയ കരുനാഗപ്പള്ളിയിലെ ഓഫീസ് പിഎഫ്ഐ പരിശീലന കേന്ദ്രമാണെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
കരുനാഗപ്പള്ളിയിലെ ഓഫീസ് പിഎഫ്ഐ പരിശീലന കേന്ദ്രമായിരുന്നെന്ന് പോലീസ്