മഹാത്മാ ഗാന്ധിയെ വീണ്ടും പ്രതീകാത്മകമായി വധിക്കാൻ ഹിന്ദുമഹാസഭ. ഹിന്ദുമഹാസഭയുടെ ദുർഗാപൂജ പന്തലിലാണ് ഗാന്ധി വധം പുനർസൃഷ്ടിക്കാൻ ശ്രമം നടന്നത്. ദുർഗാദേവി വധിക്കുന്ന മഹിഷാസുരൻ്റെ സ്ഥാനത്താണ് ഹിന്ദുമഹാസഭ ഗാന്ധി പ്രതിമ സ്ഥാപിച്ചത്. മഹിഷാസുരന് പകരം ദോത്തിധരിച്ച് കൈയിൽ വടിയുമായി നിൽക്കുന്ന കണ്ണടവച്ച കഷണ്ടിത്തലയുള്ള മനുഷ്യരൂപമാണുള്ളത്. പ്രതിമയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഹിന്ദുമഹാസഭയുടെ നടപടിക്കെതിരെ നിരവധി പരാതികൾ ഉയർന്നു. ഇതോടെ സംഭവത്തിൽ പോലീസ് കേസെടുത്തു. പോലീസ് കേസെടുത്തതോടെ കഷണ്ടിത്തലയിൽ വിഗ്ഗും മീശയുംവച്ച് പ്രതിമയ്ക്ക് രൂപമാറ്റംവരുത്തി തടിതപ്പാനാണ് സംഘാടകരുടെ ശ്രമം.
1948 ജനുവരി മുപ്പതിന് മഹാത്മാഗാന്ധിയെ ദാരുണമായി വെടിവെച്ചുകൊന്നത് ഹിന്ദുമഹാസഭ പ്രവർത്തകനായ നാഥുറാം വിനായക് ഗോഡ്സെയാണ്. പിന്നീടും ഗാന്ധിയെ ഹിന്ദുമഹാസഭ പലതവണ പ്രതീകാത്മകമായി വധിക്കാൻ ശ്രമിച്ചിരുന്നു. ഏറ്റവുമൊടുവിൽ 2019 ജനുവരി മുപ്പതിന് ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിയെ പ്രതീകാത്മകമായി വധിക്കാൻ ശ്രമിച്ചതിന് ഹിന്ദുമഹാസഭയ്ക്കെതിരെ കേസുണ്ട്. അഖില ഭാരത ഹിന്ദുമഹാസഭാ വനിതാ നേതാവ് പൂജാ ശകുൻ പാണ്ഡെയാണ് അന്ന് ഗാന്ധി ചിത്രത്തിന് നേരെ വെടിയുതിർത്തത്.