നിലമ്പൂര്‍ രാധ വധക്കേസില്‍ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഒന്നാം പ്രതി ബിജു നിവാസില്‍ ബി കെ ബിജു, രണ്ടാം പ്രതി കന്നശേരി ഷംസുദ്ദീന്‍ എന്നിവരെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. സാഹചര്യ തെളിവുകള്‍ ശരിയായി വിലയിരുത്താതെയാണ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടതെന്ന് ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഹൈക്കോടതി രണ്ട് പ്രതികളെയും വെറുതെ വിട്ടത്. 2015 ല്‍ രണ്ട് പ്രതികളും കുറ്റക്കാരാണെന്നായിരുന്നു മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി. തുടര്‍ന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും ശിക്ഷ വിധിച്ചു. ഈ വിധിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലായിരുന്നു ഇവരെ കോടതി വെറുതെ വിട്ടത്. അന്തരിച്ച മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിൻ്റെ പേഴ്‌സണ്‍ സ്റ്റാഫ് അംഗമായിരുന്നു ഒന്നാം പ്രതി ബിജു.
2014 ല്‍ ആയിരുന്നു നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസ് ജീവനക്കാരി രാധയെ കോണ്‍ഗ്രസ് ഓഫീസില്‍ വച്ച് കൊലപ്പെടുത്തിയത്. 2014 ഫെബ്രുവരി അഞ്ച് മുതല്‍ കാണാതായ രാധയുടെ മൃതദേഹം ഫെബ്രുവരി 10ന് ചുള്ളിയോട് ഉണ്ണിക്കുളത്ത് കുളത്തില്‍ കണ്ടെത്തുകയായിരുന്നു.