അന്തരിച്ച മുതിർന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ്റെ മൃതദേഹം ഇന്ന് കണ്ണൂരിലെത്തിക്കും. പ്രിയനേതാവിനു അന്തിമോപചാരമർപ്പിക്കാൻ വരുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ മട്ടന്നൂർ മുതൽ തലശ്ശേരി വരെ 14 കേന്ദ്രങ്ങളിൽ വിലാപയാത്ര നിർത്തും. ജില്ലയിലുള്ളവർ പയ്യാമ്പലത്തേക്ക് വരേണ്ട ആവശ്യമില്ലെന്നും ജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.
ഇന്ന് പകൽ 12 ന് എയർ ആംബുലൻസിൽ അദ്ദേഹത്തിൻ്റെ മൃതദേഹം കണ്ണൂരെത്തിക്കും. സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ മൃതദേഹം ഏറ്റുവാങ്ങും. തുടർന്ന് തുറന്ന വാഹനത്തിൽ വിലാപ യാത്രയായി തലശ്ശേരി ടൗൺ ഹാളിലേക്ക് കൊണ്ടുപോകും. വിലാപ യാത്ര കടന്നു പോകുന്ന വഴിയിൽ 14 കേന്ദ്രങ്ങളിൽ ജനങ്ങൾക്ക് അന്ത്യാഭിവാദ്യം അർപ്പിക്കാൻ നിർത്തും. മട്ടന്നൂർ ടൗൺ, നെല്ലൂന്നി, ഉരുവച്ചാൽ, നീർവേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയിൽ, ആറാം മൈൽ, വേറ്റുമ്മൽ, കതിരൂർ, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് വിലാപയാത്ര നിർത്തുക.
ഇന്ന് ടൗൺ ഹാളിൽ പൊതുദർശനത്തിന് ശേഷം തിങ്കളാഴ്ച പകൽ 10 മണി മുതൽ മാടപ്പീടികയിൽ അദ്ദേഹത്തിൻ്റെ വീട്ടിലും 11 മണി മുതൽ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതു ദർശനമുണ്ടാകും. പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ ഇന്നും നാളെയും സംസ്ഥാനത്തിൻ്റെ പല ഭാഗത്തുനിന്നും ജനങ്ങൾ കണ്ണൂരെത്തും. അദ്ദേഹത്തോടുള്ള ആദരസൂചകമായി നാളെ തലശ്ശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിൽ ഹർത്താൽ ആചരിക്കാൻ സിപിഐഎം ആഹ്വാനം ചെയ്തു.