സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ മൃതദേഹം പൊതുദർശനമാരംഭിച്ചു. മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ മറ്റു പ്രമുഖ നേതാക്കൾ എന്നിവർ അന്തിമോപചാരമർപ്പിച്ചു. പതിനായിരക്കണക്കിന് ജനങ്ങളാണ് പ്രിയ നേതാവിനെ അവസാനമായി കാണാനായി തലശ്ശേരി ടൗൺ ഹാളിലെത്തിയത്.
ഉച്ചയ്ക്ക് 1 മണിയോടെ ചെന്നൈയിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം വിലാപയാത്രയായാണ് തലശ്ശേരിയിലെത്തിച്ചത്. മൃതദേഹം ടൗൺഹാളിൽ എത്തുന്നതിന് മുൻപേ മട്ടന്നൂർ ടൗൺ, നെല്ലൂന്നി, ഉരുവച്ചാൽ, നീർവേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയിൽ, ആറാം മൈൽ, വേറ്റുമ്മൽ, കതിരൂർ, പൊന്ന്യം സ്രാമ്പി, ചുങ്കം തുടങ്ങിയ സ്ഥലങ്ങളിലും കോടിയേരിയെ അവസാനമായി കാണാൻ ആയിരങ്ങൾ ഒത്തുകൂടിയിരുന്നു.
ഇന്ന് രാത്രി 8 മണി വരെ ടൗൺ ഹാളിലെ പൊതുദർശനത്തിന് ശേഷം തിങ്കളാഴ്ച പകൽ 10 മണി മുതൽ മാടപ്പീടികയിൽ അദ്ദേഹത്തിൻ്റെ വീട്ടിലും 11 മണി മുതൽ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതു ദർശനമുണ്ടാകും. തുടർന്ന് വൈകീട്ട് പയ്യാമ്പലത്ത് മൃതദേഹം സംസ്‌കരിക്കും. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്ന കോടിയേരി ശനിയാഴ്ച രാത്രിയാണ് അന്തരിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയിൽ രാത്രി 8:30 ഓടെയാണ് അന്ത്യം. 70 വയസായിരുന്നു.