അന്തരിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ മൃദതേഹം നേതാക്കൾ ഏറ്റുവാങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, മുൻ പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള, മറ്റ് പ്രമുഖ നേതാക്കൾ മന്ത്രിമാർ എന്നിവരാണ് മൃദദേഹം ഏറ്റുവാങ്ങിയത്. ചെന്നൈയിൽ നിന്ന് എയർ ആംബുലൻസിലെത്തിച്ച കോടിയേരി ബാലകൃഷ്ണൻ്റെ മൃതദേഹം കണ്ണൂർ വിമാനത്താവളത്തിലാണ് നേതാക്കൾ ഏറ്റുവാങ്ങിയത്.
ശേഷം കോടിയേരിക്ക് അന്തിമോപചാരം അർപ്പിക്കാനും സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാനും മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും തലശ്ശേരിയിലേക്ക് തിരിച്ചു. കോടിയേരിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസും തലശ്ശേരിയിലേക്ക് തിരിച്ചു. സിപിഎം കേന്ദ്ര – സംസ്ഥാന നേതാക്കളും റെഡ് വളണ്ടിയർമാരും പ്രവർത്തകരും അടങ്ങുന്ന വലിയ ജനാവലി ആംബുലൻസിനെ അനുഗമിക്കുന്നുണ്ട്. വിലാപയാത്ര കടന്നുപോകുന്ന പാതയുടെ ഇരുവശങ്ങളിലുമുള്ള ആളുകൾക്ക് കോടിയേരിയുടെ മൃതദേഹം പുറത്തുനിന്ന് കാണാവുന്ന രീതിയിലാണ് ആംബുലൻസ് ക്രമീകരിച്ചിട്ടുള്ളത്.
തലശ്ശേരിയിൽ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെയ്ക്കുന്നതിന് മുൻപ് 14 കേന്ദ്രങ്ങളിൽ ആംബുലൻസ് നിർത്തും. മട്ടന്നൂർ ടൗൺ, നെല്ലൂന്നി, ഉരുവച്ചാൽ, നീർവേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയിൽ, ആറാം മൈൽ, വേറ്റുമ്മൽ, കതിരൂർ, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് വിലാപയാത്ര നിർത്തുക.