ഇന്നലെ അന്തരിച്ച സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു. ചെന്നൈയില്‍ നിന്ന് എയര്‍ ആംബുലന്‍സ് വഴിയാണ് മൃതദേഹം കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ചത്. 11.22 ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട എയര്‍ ആംബുലന്‍സ് 1 മണിയോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. കോടിയേരിയുടെ ഭാര്യ വിനോദിനി, മകന്‍ ബിനീഷ് കോടിയേരി, എന്നിവരായിരുന്നു എയര്‍ ആംബുലന്‍സില്‍ കോടിയേരിയുടെ മൃതദേഹത്തിനൊപ്പമുണ്ടായിരുന്നത്. വിമാനത്താവളത്തില്‍ നിന്ന് തലശ്ശേരിയിലേക്ക് മൃതദേഹം വിലാപയാത്രയായി കൊണ്ടുപോകും.
വിലാപ യാത്ര കടന്നു പോകുന്ന വഴിയില്‍ 14 കേന്ദ്രങ്ങളില്‍ ജനങ്ങള്‍ക്ക് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ നിര്‍ത്തും. മട്ടന്നൂര്‍ ടൗണ്‍, നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയില്‍, ആറാം മൈല്‍, വേറ്റുമ്മല്‍, കതിരൂര്‍, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് വിലാപയാത്ര നിര്‍ത്തുക
ഇന്ന് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് ശേഷം തിങ്കളാഴ്ച പകല്‍ 10 മണി മുതല്‍ മാടപ്പീടികയില്‍ അദ്ദേഹത്തിൻ്റെ വീട്ടിലും 11 മണി മുതല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതു ദര്‍ശനമുണ്ടാകും
കോടിയേരിക്ക് അന്ത്യാഞ്ജലി; മട്ടന്നൂർ മുതൽ തലശ്ശേരി വരെ 14 കേന്ദ്രങ്ങളിൽ വിലാപയാത്ര നിർത്തും