അന്തരിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ മൃതദേഹം തലശ്ശേരി ടൗണ്‍ ഹാളിലെത്തിച്ചു. ഉച്ചയ്ക്ക് 1 മണിയോടെ ചെന്നൈയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം വിലാപയാത്രയായാണ് തലശ്ശേരിയിലെത്തിച്ചത്. ആയിരങ്ങളാണ് പ്രിയ സഖാവിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ യാത്ര കടന്നുപോയ
മട്ടന്നൂര്‍ ടൗണ്‍, നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയില്‍, ആറാം മൈല്‍, വേറ്റുമ്മല്‍, കതിരൂര്‍, പൊന്ന്യം സ്രാമ്പി, ചുങ്കം തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിച്ചേര്‍ന്നത്.
നേതാക്കളും റെഡ് വളണ്ടിയര്‍മാരും പ്രവര്‍ത്തകരും അടങ്ങുന്ന വലിയ ജനാവലി വിലാപയാത്രയെ അനുഗമിച്ചു. വിലാപയാത്ര കടന്നുപോകുന്ന പാതയുടെ ഇരുവശങ്ങളിലുമുള്ള ആളുകള്‍ക്ക് കോടിയേരിയുടെ മൃതദേഹം പുറത്തുനിന്ന് കാണാവുന്ന രീതിയിലാണ് ആംബുലന്‍സ് ക്രമീകരിച്ചിരുന്നത്.
ഇന്ന് രാത്രി 8 മണി വരെ ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം തിങ്കളാഴ്ച പകല്‍ 10 മണി മുതല്‍ മാടപ്പീടികയില്‍ അദ്ദേഹത്തിൻ്റെ വീട്ടിലും 11 മണി മുതല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതു ദര്‍ശനമുണ്ടാകും. തുടര്‍ന്ന് വൈകീട്ട് പയ്യാമ്പലത്ത് മൃതദേഹം സംസ്കരിക്കും.