കെ ജി ബിജു
ഈങ്ങൽപ്പീടിക ദേശീയ വായനശാലയിൽ ഞങ്ങളെത്തുമ്പോൾ സമയം പന്ത്രണ്ടര. വായനശാലയിൽ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്ററില്ല കോടിയേരി സഖാവിൻ്റെ വീട്ടിലേയ്ക്ക്. ഈ വായനശാലയിലും ചുറ്റുവട്ടത്തും കോടിയേരിയെക്കുറിച്ചുള്ള ഒരിക്കലും മറക്കാത്ത ഓർമ്മകളുണ്ട്. ഇവിടെയാണ് സഖാവ് രാഷ്ട്രീയപ്രവർത്തനത്തിൽ പിച്ചവെച്ചത്….
ഹാളിലെ മേശയിൽ ദേശായനം സ്മരണിക. അതിൽ എൻ്റെ പാഠശാലകൾ എന്ന തലക്കെട്ടിൽ തൻ്റെ ഓർമ്മകൾ കോടിയേരി ചിട്ടയോടെ അടുക്കിവെച്ചിട്ടുണ്ട്. ബാല്യം, കൌമാരം, രാഷ്ട്രീയ പ്രവർത്തനം, ഗുരുക്കന്മാർ….
വീട്ടിൽ നിന്ന് സ്കൂളിലേയ്ക്ക് പോകുമ്പോൾ ഈങ്ങയിൽപീടികയിൽ പി പി അനന്തൻ സ്മാരകമന്ദിരം. അതിൻ്റെ താഴത്തെ നിലയിലാണ് വായനശാല. മാഹി വിമോചന സമരത്തിൽ പങ്കെടുത്ത് വെടിയേറ്റു മരിച്ച രക്തസാക്ഷിയാണ് സ. പി പി അനന്തൻ. ഈ വായനശാലയിൽ നിന്നാണ് കോടിയേരി എന്ന രാഷ്ട്രീയ പ്രവർത്തകൻ്റെ തുടക്കം.
എല്ലാ ദിവസവും പത്രം വായന മാത്രമല്ല, ബീഡിത്തൊഴിലാളികൾക്ക് ഉറക്കെ വാർത്തകൾ വായിച്ചു കൊടുക്കുകയും ചെയ്യുമായിരുന്നു കോടിയേരി. ബാലകൃഷ്ണനെന്ന സ്കൂൾ വിദ്യാർത്ഥി അങ്ങനെ തൊഴിലാളി നേതാവായിരുന്ന സ. കടൂർ ജയരാജൻ്റെ ശ്രദ്ധയിൽപ്പെട്ടു. പിന്നെ പ്രാദേശിക നേതാക്കളായിരുന്ന സഖാക്കൾ രാജു മാസ്റ്ററും രാഘവേട്ടനും. ഓണിയൻ ഹൈസ്കൂളിലെ കെഎസ്എഫ് സെക്രട്ടറിയിൽ നിന്ന് സിപിഐഎമ്മിൻ്റെ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായി സ. കോടിയേരി ബാലകൃഷ്ണൻ്റെ വളർച്ചയുടെ തുടക്കം.
ബീഡിക്കമ്പനികളൊന്നും ഇന്നില്ല. എന്നാൽ, ചില കെട്ടിടങ്ങൾ ഇപ്പോഴുമുണ്ട്. പഴകിയ കുമ്മായഗന്ധമുള്ള പോയ കാലത്തിൻ്റെ ഓർമ്മകൾ. ആ ചുവരുകളിലിപ്പോഴും, ദേശാഭിമാനി വാർത്തകൾ ഉച്ചത്തിൽ വായിക്കുന്ന ഒരു ഹൈസ്കൂൾ വിദ്യാർത്ഥിയുടെ ആവേശത്തിൻ്റെ ഇരമ്പലുണ്ട്.
1953 ലാണത്രേ ഈങ്ങൽപ്പീടികയിലെ വായനശാലയുടെ തുടക്കം. അതേ വർഷമാണ് തലായി എല്‍.പി. സ്‌കൂള്‍ അധ്യാപകന്‍ കോടിയേരി മൊട്ടുമ്മേല്‍ കുഞ്ഞുണ്ണിക്കുറുപ്പ് നാരായണിയമ്മ ദമ്പതികളുടെ മകനായി കോടിയേരി പിറന്നത്. ഇന്ന് അസംഖ്യം പുസ്തകങ്ങളുള്ള സംസ്ഥാനത്തെ മികച്ച ലൈബ്രറികളിലൊന്നാണ് ദേശീയ ഗ്രന്ഥശാല. ഓണിയൻ സ്കൂളിലെ കെഎസ്എഫ് യൂണിറ്റ് രൂപീകരണത്തെക്കുറിച്ച് കോടിയേരി ഇങ്ങനെ എഴുതി.
“വായനശാലയുടെ മുകളിലത്തെ മുറിയിൽ വെച്ചായിരുന്നു കെഎസ്എഫ് യൂണിറ്റ് രൂപീകരണയോഗം. ആയിരത്തിലേറെ വിദ്യാർത്ഥികൾ പഠിക്കുന്ന ഹൈസ്കൂളിൽ ്ന്ന് കെഎസ്എഫിന്റെ യോഗത്തിലെത്തിയിരുന്നത് പത്തോ പതിനഞ്ചോ പേർ….. ആ യോഗത്തിൽ വെച്ച് യൂണിറ്റ് സെക്രട്ടറിയായി ഞാൻ തിരഞ്ഞെടുക്കപ്പെട്ടു”.
യൂണിറ്റിൻ്റെ ഉദ്ഘാടന സമ്മേളനവും ഈ വായനശാലയിൽ വെച്ചു തന്നെയായിരുന്നു. യൂണിറ്റുദ്ഘാടനത്തിനെത്തിയത് അന്ന് കെഎസ്എഫിൻ്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനായിരുന്നു. ഒരുപക്ഷേ, അന്നായിരിക്കണം ഇരുവരും ആദ്യമായി പരസ്പരം കാണുന്നത്. ആ സൌഹൃദം കേരളത്തിലെ വിപ്ലവപ്രസ്ഥാനം കണ്ട ഏറ്റവും കരുത്തരായ രണ്ടു സംഘാടകർ തമ്മിലുള്ള ആത്മബന്ധമായി വളർന്നു.
നാട്ടിലെത്തുമ്പോഴെല്ലാം മുടങ്ങാതെ വായനശാലയിലെത്തുമായിരുന്ന പ്രിയസഖാവ് മണിക്കൂറുകൾക്കകം അവസാനത്തെ വരവ് വരികയാണ്. പക്ഷേ, ഈ വരവിൽ അദ്ദേഹം ആരെയും പേരെടുത്തു വിളിക്കില്ല. ആരോടും കുശലാന്വേഷണമില്ല. തോളിൽ കൈയിട്ട് വിശേഷം ചോദിക്കില്ല. ലൈബ്രറിയിലെ സന്ദർശക ഡയറിയിൽ കുറിപ്പെഴുതി ഒപ്പിടില്ല. അത് ഉൾക്കൊള്ളാനാവാതെ നാടിൻ്റെ നെഞ്ചു വിതുമ്പുകയാണ്. സഖാവിങ്ങനെ അപ്രതീക്ഷിതമായി വിട പറയുമെന്ന് ആരും കരുതിയിരുന്നില്ല.
മടിച്ചു മടിച്ചു വീശുന്ന കാറ്റിലും ഒരു കരിങ്കൊടിയുടെ കനമുണ്ട്.
ഈ ലൈബ്രറിയുടെ ഓരോ മൂലയിലും സഖാവുണ്ട്. ഈങ്ങയിൽപ്പീടിക ബ്രാഞ്ച് സെക്രട്ടറിയാകുമ്പോൾ ഈ ലൈബ്രറിയുടെ മുകളിലായിരുന്നു ഓഫീസ്. പിന്നീട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായപ്പോഴും ഓഫീസ് അതു തന്നെയായിരുന്നു.
സംഘർഷം കൊടുമ്പിരിക്കൊള്ളുമ്പോൾ ഈ ഓഫീസിലായിരുന്നു അദ്ദേഹം മുഴുവൻ സമയവും. ഓഫീസിൽ കയറി അദ്ദേഹത്തെയും സഖാക്കളെയും ആക്രമിക്കാൻ ഗുണ്ടകളെത്തിയതും ചെറുത്തുനിൽപ്പിനെ അതിജീവിക്കാനാവാതെ പിന്തിരിഞ്ഞോടിയതും നാടിൻ്റെ ഓർമ്മയിൽ ഇന്നുമുണ്ട്.
നിർഭയനായിരുന്നു കോടിയേരി.ഫ്രഞ്ചുകാരുടെ നിറതോക്കിനു നേരെ വിരിമാറു കാണിച്ച സഖാവ് പി പി അനന്തൻ്റെ പേരിലുള്ള വായനശാലയിൽ നിന്ന് രാഷ്ട്രീയബോധം ഒരു തീനാളം പോലെ ഏറ്റു വാങ്ങിയ കൊടിയേരി ആരെ ഭയക്കാനാണ്. എതിരാളികളെ ഒരുകാലത്തും അദ്ദേഹം കൂസാക്കിയിട്ടില്ല. സ്നേഹവും തുറന്ന പെരുമാറ്റവും കൊണ്ട്, അവരിൽ പലരെയും ആരാധകരാക്കിയിട്ടേയുള്ളൂ.
തലശേരി ടൌൺഹാളിലെ പൊതുദർശനം കഴിഞ്ഞ് രാത്രി പത്തു മണിയോടെയാണ് കോടിയേരിയുടെ ഭൌതിക ശരീരം മാടപ്പീടികയിലെ വസതിയിലെത്തുന്നത്. നാടൊഴുകിയെത്തും സഖാവിനെ അവസാനമായി കാണാൻ.
നാളെ പ്രഭാതത്തിൽ പ്രിയസഖാവിന് പിറന്ന നാട് അന്ത്യാഭിവാദ്യം പറയും. പിന്നെ, കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലേയ്ക്ക്… അവിടെ നിന്ന് പയ്യാമ്പലത്തേയ്ക്ക്….
ഉജ്വലമായ ഓർമ്മകളുടെ വറ്റാത്ത ഉറവിടമായി….