ആലപ്പുഴയില്‍ നിര്‍ധനനായ പാര്‍ട്ടി പ്രവര്‍ത്തകന് വീടു വെക്കാന്‍ പിരിച്ച പണം കോണ്‍ഗ്രസുകാര്‍ മുക്കിയതായി പരാതി. ആലപ്പുഴ ആര്യാട് സ്വദേശി കുഞ്ഞുമോന് വീട് നിര്‍മിക്കാന്‍ പിരിച്ച പണം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ മുക്കിയെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ആര്യാട് ഇന്ദിരാ പ്രിയദര്‍ശിനി സ്മാരക ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്നു കുഞ്ഞുമോന് വീട് വയ്ക്കാനെന്ന പേരില്‍ കോണ്‍ഗ്രസുകാര്‍ പിരിവ് നടത്തിയത്.
കെ പി സി സി സെക്രട്ടറി അഡ്വ. ഡി സുഗതനടക്കം ആലപ്പുഴ ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം പങ്കെടുത്ത് ഒരു വര്‍ഷം മുന്‍പായിരുന്നു നാല് സെന്റ് ഭൂമി കുഞ്ഞുമോന് കൈമാറുന്ന ചടങ്ങ് കോണ്‍ഗ്രസ് നടത്തിയത്. എന്നാല്‍ ഒരു വര്‍ഷമായിട്ടും സ്ഥലം കുഞ്ഞുമോൻ്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
കുഞ്ഞുമോന് വേണ്ടി വാങ്ങിയ ഭൂമിയുടെ ആധാരം പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ജയപ്പന്‍ തങ്കപ്പൻ്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആര്യാട്ടെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറ്റിച്ചെന്ന് കുഞ്ഞുമോന്‍ പറഞ്ഞു. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുഞ്ഞുമോൻ്റെ നിര്‍ധന കുടുംബം നിലവില്‍ വാടകവീട്ടിലാണ് കഴിയുന്നത്. സംഭവം വിവാദമായതോടെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കെ പി സി സി സെക്രട്ടറി എ എ ഷുക്കൂര്‍ പറഞ്ഞു.