ആർഎസ്എസ് എൻജിഒ എച്ച് ആർ ഡി എസിൻ്റെ ഓഫീസുകളിൽ വിജിലൻസ് പരിശോധന. എച്ച് ആർ ഡി എസിൻ്റെ പാലക്കാട്ടെയും തൊടുപുഴയിലെയും ഓഫീസുകളിലാണ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്. രണ്ടുമണിക്കൂറിലധികമായി നടക്കുന്ന റെയ്ഡ് പുരോഗമിക്കുന്നു. എച്ച് ആർ ഡി എസിനെതിരെ വീട് നിർമ്മാണം ഉൾപ്പടെയുള്ള വിഷയങ്ങളിൽ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് വിജിലൻസ് പരിശോധന നടക്കുന്നത്.
എച്ച് ആർ ഡി എസ് അട്ടപ്പാടിയിൽ നിർമ്മിച്ച് നൽകിയത് പ്രകൃതിക്ക് ഇണങ്ങാത്ത വീടുകളാണെന്ന് ഒറ്റപ്പാലം സബ് കളക്ടറും വ്യക്തമാക്കി. ഇനി എച്ച് ആർ ഡി എസ് അട്ടപ്പാടിയിൽ വീടുകൾ നിർമിക്കരുതെന്ന് അട്ടപ്പാടി നോഡൽ ഓഫീസർ കൂടിയായ സബ് കളക്ടർ ഉത്തരവിറക്കിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം വീട് നിർമാണം നിർത്തിയതായി രേഖാമൂലം അറിയിക്കണം.
നേരത്തെ എച്ച് ആർ ഡി എസ് ആദിവാസികൾക്ക് നിർമ്മിച്ച് നൽകിയ വീടുകളിൽ വലിയ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. അട്ടപ്പാടിയിൽ എച്ച് ആർ ഡി എസ് നിർമ്മിച്ച് നൽകിയ ഈ വീടുകൾ താമസ യോഗ്യമല്ലെന്നും പ്രാഥമിക സൗകര്യങ്ങൾ പോലും ഇല്ലാത്തവയാണെന്നുമായിരുന്നു കണ്ടെത്തൽ. വെള്ളമെത്തിക്കുന്നതിനുള്ള മാർഗങ്ങളും വൈദ്യുതിയും അടുക്കളപോലും ഇല്ലാത്ത വീടുകളും ഇതിലുണ്ട്. ഇതേ തുടർന്ന് നിർമാണം പരിശോധിക്കാൻ എസ് സി-എസ് ടി കമ്മീഷനും നിർദേശിച്ചിരുന്നു. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജോലി നൽകി ഏറെ വിവാദങ്ങളിൽ പെട്ട സംഘടനയാണ് എച്ച് ആർ ഡി എസ്. ആദിവാസികൾക്കെതിരെ അതിക്രമം നടത്തിയതിനും ആദിവാസികളെ കുടിയൊഴിപ്പിച്ചതിനും എച്ച് ആർ ഡി എസിനെതിരെ കേസുകളുണ്ട്.