പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മറ്റി ഓഫീസ് അടച്ച് പൂട്ടി. കോഴിക്കോട് മീഞ്ചന്തയുടെ പരിസരത്തുള്ള ഓഫീസാണ് പൂട്ടിയത്. പിഎഫ്ഐയുടെ കരുനാഗപ്പള്ളിയിലെ മേഖല ഓഫീസും ഇന്നുതന്നെ സീൽ ചെയ്യും. ഇന്ന് രാവിലെ വടകര, തണ്ണീർ പന്തൽ, നാദാപുരം, കുറ്റ്യാടി എന്നിവിടങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ പോലീസ് നോട്ടീസ് പതിപ്പിച്ചിരുന്നു. ഈ ഓഫീസുകളെല്ലാം തന്നെ വ്യത്യസ്ത ചാരിറ്റബിൾ ട്രസ്റ്റുകൾ എന്ന പേരിലാണ് പ്രവർത്തിച്ചിരുന്നത്.
പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചതിനു പിന്നാലെ കർശനനടപടികൾ നിർദേശിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിൻ്റെ ഭാഗമായാണ് പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മറ്റി ഓഫീസ് പൂട്ടിയത്. പോപ്പുലർ ഫ്രണ്ടിൻ്റെയും അനുബന്ധ സംഘടനകളുടെയും ഓഫീസുകൾ പൂട്ടി സീൽ വെക്കുന്നതിന് പുറമെ നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. കലക്ടർമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കുമാണ് നടപടികൾക്കുള്ള അധികാരം നൽകിയിരിക്കുന്നത്. ആഭ്യന്തരസെക്രട്ടറിയാണ് ഉത്തരവിറക്കിയത്.
ബുധനാഴ്ചയാണ് പോപ്പുലർ ഫ്രണ്ടിനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. അഞ്ചുവർഷത്തേക്കാണ് നിരോധനം. റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ് ഓർഗനൈസേഷൻ, നാഷണൽ വുമൺ ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യാ ഫൗണ്ടേഷൻ, റിഹേബ് ഫൗണ്ടേഷൻ എന്നീ പോപ്പുലർ ഫ്രണ്ടിൻ്റെ അനുബന്ധ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.