ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ തൻ്റെ പിന്തുണ മല്ലികാർജുൻ ഖാർഗെയ്ക്കെന്ന് മുതിർന്ന കോൺഗ്രസ് നേതാവും ജി 23 അംഗവുമായ മനീഷ് തിവാരി. ജി 23 നേതാക്കളായ മനീഷ് തിവാരിയും പൃഥ്വിരാജ് ചൗഹാനും ഖാർഗെയുടെ നാമനിർദ്ദേശ പത്രികയിൽ ഒപ്പുവെച്ചു. ആനന്ദ് ശർമ്മയുടെ പിന്തുണയും ഖാർഗെയ്ക്കാണ്.
‘ഞങ്ങൾ ഖാർഗെയുടെ സ്ഥാനാർത്ഥിത്വത്തെ പിന്തുണക്കാൻ എത്തിയതാണ്. മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാവാണ്. ഞാനും ആനന്ദ് ശർമ്മയും അദ്ദേഹത്തിൻ്റെ പത്രികയെ പിന്തുണച്ചിട്ടുണ്ട്. ശശി തരൂർ ഞങ്ങളുടെ സുഹൃത്താണ്. രണ്ട് പേരും കോൺഗ്രസിന് വേണ്ടി തൻ്റെ ജീവിതം ചെലവഴിച്ചവരാണ്. സ്ഥാനാർത്ഥിത്വം പിൻവലിക്കുക വഴി ദിഗ് വിജയ് സിങ് അദ്ദേഹത്തിൻ്റെ മഹത്വം കാണിച്ചു. സമവായത്തിലെത്താൻ കഴിഞ്ഞാൽ നല്ലതാണ്’, മനീഷ് തിവാരി പറഞ്ഞു.
ഇതോടെ കോൺഗ്രസിലെ തിരുത്തൽ വാദി വിഭാഗമായ ജി 23 ലെ പ്രമുഖ നേതാവായ ശശി തരൂർ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ടെകിലും ജി 23 നേതാക്കളുടെ പിന്തുണ ശശി തരൂരിന് ലഭിക്കില്ലെന്ന് വ്യക്തമായി. കേരളത്തിൽ നിന്നുള്ള പ്രമുഖ നേതാവും ലോക്സഭാഗവുമായ ശശി തരൂരിനെ കെപിസിസിയും പിന്തുണക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥൻ തരൂരിനെ പിന്തുണച്ച് രംഗത്തെത്തി.
ഉച്ചയോടെ ശശി തരൂർ എഐസിസി ആസ്ഥാനത്തെത്തി നാമനിർദേശ പത്രിക നൽകിയിരുന്നു. രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധി, രാജീവ് ഗാന്ധി എന്നിവർക്ക് പ്രണാമം അർപ്പിച്ച ശേഷമായിരുന്നു തരൂർ പത്രിക നൽകാനെത്തിയത്.
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്നാണ് മല്ലിഗാർജ്ജുൻ ഖാർഗെ മത്സരിക്കുമെന്ന് വ്യക്തമാക്കിയത്. മുതിർന്ന നേതാവ് എ കെ ആന്റണിയും ഖാർഗെയുടെ നാമനിർദേശ പത്രികയിൽ ഒപ്പുവെച്ചിട്ടുണ്ട്. ഗാന്ധി കുടുംബം പിന്തുണയ്ക്കുന്ന ഔദ്യോഗിക സ്ഥാനാർത്ഥിയാണ് മല്ലിഗാർജ്ജുൻ ഖാർഗെ.
നേരത്തെ മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ദ്വിഗ് വിജയ് സിംഗ് മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. മത്സരിക്കാൻ നാമനിർദേശ പത്രിക വാങ്ങിയ അദ്ദേഹം മല്ലിഗാർജ്ജുൻ ഖാർഗെ മത്സരിക്കുമെന്ന് വ്യക്തമാക്കിയതോടെ പിന്മാറുകയായിരുന്നു. മല്ലിഗാർജ്ജുൻ ഖാർഗെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മത്സരിക്കില്ലെന്ന തീരുമാനം ദ്വിഗ് വിജയ് സിംഗ് അറിയിച്ചത്. രാവിലെ എഐസിസി ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച.
നീണ്ട ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടബർ പതിനേഴിനാണ് തെരഞ്ഞെടുപ്പ്. ഒക്ടബർ പത്തൊൻമ്പതിനാണ് വോട്ടെണ്ണൽ.