രാഷ്ട്രീയ പാർടിയെന്ന നിലയിൽ ലഭിച്ച സംഭാവനകളുടെ വിവരം ഇലക്ഷൻ കമ്മിഷനിൽ നിന്ന് മറച്ചു വെച്ചതിന് എസ്ഡിപിഐയ്ക്കെതിരെ നടപടി വരും. വൻ സംഭാവനകൾ ലഭിച്ചെങ്കിലും കണക്കുകൾ ഇലക്ഷൻ കമ്മിഷന് സമർപ്പിച്ചിട്ടില്ല. 20000 രൂപയ്ക്കു മുകളിലുള്ള എല്ലാ സംഭാവനകളുടെയും മുഴുവൻ വിവരങ്ങളും കമ്മിഷന് നൽകണമെന്നാണ് നിയമം.
ഓഡിറ്റ് ചെയ്ത രേഖപ്രകാര 2018-19ൽ അഞ്ചു കോടിയും 2019-20ൽ 3.9 കോടിയും സംഭാവനയായി പാർടിയ്ക്കു ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതിൻ്റെയൊന്നും കണക്കുകൾ കമ്മിഷന് നൽകിയിട്ടില്ല. 2020-21ൽ മൂന്നുകോടിയോളം ലഭിച്ചെങ്കിലും കണക്കിലുള്ളത് 22 ലക്ഷം മാത്രം. അതിൻ്റെ പോലും ഉറവിടം കാണിച്ചിട്ടില്ല. 2018 – 21 കാലയളവിൽ ആകെ ലഭിച്ച പതിനൊന്ന് കോടിയോളം രൂപയിൽ പത്തു കോടിയും കേരളം, തമിഴ്നാട്, കർണാടകം സംസ്ഥാനങ്ങളിൽ നിന്നാണ്.
അതേസമയം, ആഭ്യന്തര വകുപ്പിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതോടെ ഇലക്ഷൻ കമ്മിഷൻ എസ്ഡിപിഐയ്ക്കെതിരെ നടപടിയെടുക്കുമെന്ന സൂചനകളുണ്ട്. നിലവിൽ കർണാടകമാണ് പോപ്പുലർ ഫ്രണ്ടിനൊപ്പം എസ്ഡിപിഐയെ നിരോധിക്കണമെന്ന ശക്തമായ ആവശ്യം ഉയർത്തിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിനൊപ്പം എട്ട് അനുബന്ധ സംഘടനകളെയും പേരെടുത്തു പറഞ്ഞ് നിരോധനം ബാധകമാക്കിയെങ്കിലും ആഭ്യന്തര മന്ത്രാലയത്തിൽ ഉത്തരവ് എസ്ഡിപിഐയ്ക്ക് ബാധകമാക്കിയിട്ടില്ല.
തെരഞ്ഞെടുപ്പു കമ്മിഷനിൽ രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർടിയായതുകൊണ്ടാണ് എസ്ഡിപിഐയെ ആഭ്യന്തര മന്ത്രാലയം നിരോധിക്കാത്തത് എന്നാണ് ഔദ്യോഗിക വിശദീകരണം. സർക്കാരല്ല, കമ്മിഷനാണ് എസ്ഡിപിഐയെ നിരോധിക്കേണ്ടത് എന്ന കർണാടക മന്ത്രി കെ എസ് ഈശ്വരപ്പ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. കർണാടകയുടെ തീരപ്രദേശത്ത് അടുത്തിടെ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ എസ്ഡിപിഐ പ്രവർത്തകർ പ്രതികളായിട്ടുണ്ട് എന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചു.