ന്യൂദില്ലി : നിയമവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും അഞ്ചുവർഷത്തേയ്ക്ക് നിരോധിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. യുഎപിഎ നിയമത്തിൻ്റെ 35-ാം വകുപ്പു പ്രകാരമാണ് നടപടി. ഈ നിയമപ്രകാരം ഇതുവരെ 42 സംഘടനകളെ നിരോധിച്ചിട്ടുണ്ട്. എൻഐഎ, ഇഡി, സംസ്ഥാന പോലീസ് എന്നിവരുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടന്ന റെയിഡിനെത്തുടർന്ന് പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുമെന്ന അഭ്യൂഹം ഇതോടെ യാഥാർത്ഥ്യമായി.
അറസ്റ്റിലായ പിഎഫ്ഐ ചെയർമാൻ ഒഎംഎ സലാം അടക്കമുള്ളവരെ ചോദ്യം ചെയ്തതിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. പിടിച്ചെടുത്ത രേഖകളും ഡിജിറ്റൽ തെളിവുകളും പരിശോധിച്ച ശേഷമാണ് നിരോധനത്തിന് അന്വേഷണ ഏജൻസികൾ ശിപാർശ ചെയ്തത്.
ഭീകരവാദപ്രവർത്തനം നടത്തുക, അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കാളികളാവുക, ഭീകരവാദപ്രവർത്തനത്തിന് തയ്യാറെടുക്കുക, അത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക, മറ്റേതെങ്കിലും രീതിയിൽ ഭീകരവാദപ്രവർത്തനവുമായി സഹകരിക്കുക തുടങ്ങിയ കുറ്റങ്ങൾ ചെയ്യുന്ന സംഘടനകളെ നിരോധിക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് യുഎപിഎ നിയമത്തിൻ്റെ 35-ാം വകുപ്പ്.
അൽക്വൈദ, ജെയ്ഷെ മുഹമ്മദ്, ലഷ്കർ ഇ തോയ്ബ തുടങ്ങിയ ഭീകരസംഘടനകളിലേയ്ക്ക് ഇന്ത്യയിൽ നിന്ന് ആളെ ചേർക്കുന്നത് പോപ്പുലർ ഫ്രണ്ട് ആണെന്ന് എൻഐഎ ആരോപിക്കുന്നു. സോഷ്യൽ മീഡിയാ വേദികളും രഹസ്യസംവാദ ഗ്രൂപ്പുകളും ഈ ലക്ഷ്യത്തോടെ സംഘടന ഉപയോഗിക്കുന്നു എന്നാണ് ആക്ഷേപം. ഇതുസംബന്ധിച്ച വൻഗൂഢാലോചനയുടെ ചുരുളഴിക്കാൻ പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് എൻഐഎ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ ലക്ഷ്യത്തിനുവേണ്ടി വിദേശത്തു നിന്ന് സംഘടനയ്ക്ക് വൻതോതിൽ ഫണ്ട് ഒഴുകിയിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. സൗദി അറേബ്യ, ദുബായ്, ഖത്തർ, ബഹ്റിൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് പോപ്പുലർ ഫ്രണ്ടിന് ഫണ്ടെത്തിയത്. റിഹാബ് ഫൗണ്ടേഷൻ, ഇന്ത്യൻ സോഷ്യൽ ഫോറം, ഇന്ത്യൻ ഫ്രട്ടേണിറ്റി ഫോറം എന്നീ സംഘടനകളുടെ മറവിലാണ് യുഎഇയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തിക്കുന്നത് എന്ന് അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ദുബായ്ലെ അൽ എയിനിൽ ലുലു ഹൈപ്പർ മാർക്കറ്റിനു പിൻവശത്ത് മുറാബയിൽ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസ് പ്രവർത്തിക്കുന്നുണ്ടെന്നും ഇതുവഴിയാണ് യാഥാസ്ഥിതിക ഇസ്ലാമിസത്തിന്റെ പ്രചാരണവും ഫണ്ട് സമാഹരണവും നടക്കുന്നത് എന്ന് അന്വേഷണ ഏജൻസി റിപ്പോർട്ടു നൽകിയിട്ടുണ്ട്.