‘പേ വിഷ വാക്‌സിന്‍ വാങ്ങിയത് സര്‍ക്കാര്‍ അറിഞ്ഞ്, കള്ളം പൊളിഞ്ഞു’വെന്ന തലക്കെട്ടില്‍ മലയാള മനോരമ ഇന്ന് പ്രസിദ്ധീകരിച്ച വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവും. കേന്ദ്ര മരുന്നു ലാബിൻ്റെ (സിഡിഎല്‍) റിപ്പോര്‍ട്ട് ഇല്ലാതെ സംസ്ഥാനത്ത് പേവിഷ വാക്‌സിന്‍ എത്തിച്ചത് ആരാഗ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും അറിഞ്ഞുകൊണ്ടാണെന്നും അത് തെറ്റായ നടപടിയായിരുന്നുവെന്നും സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടാണ് മനോരമയുടെ ഈ വാര്‍ത്ത. എന്നാല്‍ നിയമാനുസൃതമായ കാര്യങ്ങള്‍ ജനതാല്‍പ്പര്യം മുന്‍നിര്‍ത്തി യുദ്ധകാലടിസ്ഥാനത്തില്‍ നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് രേഖകള്‍ ശരിവയ്ക്കുന്നു.
മനോരമ കാണാത്ത ഡിസിജി സര്‍ക്കുലര്‍
2020 ഏപ്രില്‍ മൂന്നിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ഡോ വി. ജി സോമാനി പുറത്തിറക്കിയ സര്‍ക്കുലര്‍ മലയാള മനോരമയുടെ വാദങ്ങളെ പൂര്‍ണമായും തള്ളുന്നു. ഈ സര്‍ക്കുലര്‍ പ്രകാരം വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് അവരുടെ തന്നെ ആഭ്യന്തര ഗുണമേന്മാ നിര്‍ണയ സംവിധാനത്തിലെ പരിശോധനയുടെ അടിസ്ഥാനത്തില്‍ വാക്‌സിനുകള്‍ വിതരണം ചെയ്യാം. അത് വാക്‌സിന്‍ വാങ്ങുന്നവര്‍ക്ക് സംഭരിക്കുകയും ചെയ്യാം. ഇതിന് സമാന്തരമായി ഹിമാചല്‍പ്രദേശിലെ കസൗളിയിലുള്ള കേന്ദ്ര മരുന്നു ലാബ് വാക്‌സിനുകളുടെ ഗുണമേന്മ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയാല്‍ മതി. ഇനി അഥവാ ഈ റിപ്പോര്‍ട്ട് പ്രകാരം വാക്‌സിന്‍ ഫലപ്രദമല്ലെങ്കില്‍ ആ വാക്‌സിന്‍ മാര്‍ക്കറ്റിലിറങ്ങിയിട്ടുണ്ടെങ്കില്‍ തന്നെയും അത് പിന്‍വലിക്കണമെന്ന് മാത്രമാണ് ഈ സര്‍ക്കുലര്‍ പറയുന്നത്. ചുരുക്കത്തില്‍ സിഡിഎല്‍ റിപ്പോര്‍ട്ട് ഇല്ലാതെ വാക്‌സിനുകള്‍ വാങ്ങാന്‍ തീരുമാനിക്കുന്നതില്‍ തെറ്റില്ലെന്ന് ഈ സര്‍ക്കുലര്‍ സ്പഷ്ടമായി പറയുന്നു. അതുകൊണ്ട് തന്നെ മനോരമ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് പോലെ കേന്ദ്ര മരുന്നു ലാബിൻ്റെ റിപ്പോര്‍ട്ട് ഇല്ലാതെ സംസ്ഥാനത്ത് പേവിഷ വാക്‌സിന്‍ എത്തിച്ചത് മഹാപരാധമല്ല. അത് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തിന് അനുസൃതമായി സ്വീകരിച്ച സ്വാഭാവിക നടപടി മാത്രമാണ്.
സിഡിഎല്‍ റിപ്പോര്‍ട്ട് മനോരമ മുക്കിയോ?
സിഡിഎല്‍ റിപ്പോര്‍ട്ടില്ലാത്ത വാക്‌സിന്‍ വാങ്ങിയെന്ന് വേദനിച്ച് വാര്‍ത്ത നല്‍കിയ മനോരമ എന്തുകൊണ്ടായിരിക്കും ആ സിഡിഎല്‍ റിപ്പോര്‍ട്ടിൻ്റെ ഉള്ളടക്കം അന്വേഷിക്കുകയും അതിനെക്കുറിച്ച് വാര്‍ത്ത നല്‍കാതിരിക്കുകയും ചെയ്തത് ? ഉത്തരം ലളിതമാണ്. ആ സി ഡി എല്‍ റിപ്പോര്‍ട്ടില്‍ മന്ത്രിയെയും സര്‍ക്കാരിനെയും കുരിശിലേറ്റാന്‍ ഒന്നുമില്ല. കേരളത്തില്‍ വിതരണം ചെയ്ത പേവിഷ വാക്‌സിനുകളുടെയെല്ലാം സി ഡി എല്‍ റിപ്പോര്‍ട്ട് പുറത്തുവന്നു കഴിഞ്ഞതാണ്. ആ റിപ്പോര്‍ട്ടുകളെല്ലാം വാക്‌സിനുകള്‍ക്ക് ഗുണമേന്‍മയുണ്ടെന്ന് ശരിവയ്ക്കുന്നു. നാല് ബാച്ച് വാക്‌സിനുകളാണ് സിഡിഎല്‍ റിപ്പോര്‍ട്ട് ലഭിക്കും മുന്‍പ് സംഭരിച്ചത്. ഒരു ബാച്ചിന് ജനുവരി 24 ന് സിഡിഎല്‍ റിപ്പോര്‍ട്ട് ലഭിച്ചു. അടുത്ത ബാച്ചിന് ഫെബ്രുവരി 7നും. ബാക്കിയുള്ള രണ്ട് ബാച്ചുകള്‍ക്ക് സിഡിഎല്‍ റിപ്പോര്‍ട്ട് അനുകൂലമായി വന്നത് ആഗസ്റ്റ് 8നും. അതായത് മനോരമ പറയാതെ പറയാന്‍ ശ്രമിക്കുന്നത് പോലെ സര്‍ക്കാര്‍ ഗുണമേന്‍മ ഇല്ലാത്ത വാക്‌സിന്‍ വാങ്ങി അത് ജനങ്ങള്‍ക്ക് നല്‍കിയിട്ടില്ല. പകരം സര്‍ക്കാര്‍ നല്‍കിയ വാക്‌സിനുകളെല്ലാം കേന്ദ്ര മരുന്ന് ലബോറട്ടറി പരിശോധിച്ച് അനുമതി നല്‍കിയത് തന്നെയാണ്.
സംസ്ഥാനത്ത് പേവിഷ വാക്‌സിന്‍ ദൗര്‍ലഭ്യം പരിഹരിക്കാന്‍ ആരോഗ്യമന്ത്രിയും സര്‍ക്കാരും യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളെ മനോരമ വളച്ചൊടിക്കുമ്പോള്‍ അവര്‍ ആശങ്കയിലാക്കുന്നത് ലക്ഷക്കണക്കിന് ജനങ്ങളെയാണ്. തെരുവുനായ ശല്യം നേരിടുന്നതിനും പേവിഷബാധ പ്രതിരോധിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളെ തുരങ്കം വയ്ക്കുക മാത്രമല്ല മനോരമ ചെയ്യുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങളുടെ പേരില്‍ മാത്രം നല്‍കിയ ഈ വാര്‍ത്ത വാക്‌സിനുകളോടും നമ്മുടെ ആരോഗ്യപരിചരണ സംവിധാനങ്ങളോടും മുഖം തിരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതുമാണ്. അതിൻ്റെ ആഘാതം ചെറുതായിരിക്കില്ല. ആ തിരിച്ചറിവ്വില്ലാത്ത ഈ ‘വാര്‍ത്താവിഷപ്രയോഗം’ പേ വിഷത്തേക്കാള്‍ മാരകമെന്നേ പറയാനാകൂ.