എകെജി സെൻ്റര്‍ ആക്രമണക്കേസിലെ പ്രതിയും ആറ്റിപ്ര മണ്ഡലം പ്രസിഡന്റുമായ ജിതിനെ മുന്‍പ് സംഘടനാ നടപടിയില്‍ നിന്ന് രക്ഷിച്ചത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി. മയക്കുമരുന്ന് ഇടപാടിലെ കണ്ണിയാണ് ജിതിനെന്ന് തിരിച്ചറിഞ്ഞതോടെ കഴക്കൂട്ടം നിയോജക മണ്ഡലം കമ്മിറ്റി ജിതിനെതിരെ നടപടി സ്വീകരിച്ചിരുന്നു. സംഘടനാ നേതൃത്വത്തിന് ചില യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയതിൻ്റെ അടിസ്ഥാനത്തില്‍ ജിതിനെ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാനായിരുന്നു തീരുമാനം.
കഴക്കൂട്ടം നിയോജക മണ്ഡലം കമ്മിറ്റിയുടെ നടപടിക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗീകാരം നല്‍കുകയും ചെയ്തു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഈ നടപടി മരവിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ഭാരവാഹി ഇടപെട്ടാണ് നടപടി മരവിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസിൻ്റെ സംസ്ഥാന സെക്രട്ടറിയായ ഒരു വനിതയും മറ്റൊരു പ്രദേശിക വനിതാ നേതാവും ചേര്‍ന്ന് സംസ്ഥാന നേതാവില്‍ സമ്മര്‍ദ്ധം ചെലുത്തി ജിതിനെ രക്ഷിച്ചെന്നാണ് വിവരം.
ഇതില്‍ പ്രാദേശിക നേതാവിനെ എകെജി സെൻ്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെന്നാണ് സൂചന.