രാജസ്ഥാനിൽ കുഴപ്പങ്ങളുടെ മേൽമൂടി നീക്കുമ്പോൾ വില്ലൻ്റെ വിഡ്ഢിച്ചിരി ചിരിക്കുന്നത് മറ്റാരുമല്ല. സാക്ഷാൽ രാഹുൽ ഗാന്ധി തന്നെ . അശോക് ഗലോട്ടിനോട് ആലോചിക്കാതെയും അഭിപ്രായം തേടാതെയും സച്ചിൻ പൈലറ്റിനെ നിയുക്ത രാജസ്ഥാൻ മുഖ്യമന്ത്രിയായി തീരുമാനിക്കാൻ നിലവിൽ രാഹുലിന് ഒരധികാരവും കോൺഗ്രസിൽ ഇല്ല. രാജസ്ഥാനിലെ പുതിയ മുഖ്യമന്ത്രിയെ പുതിയ കോൺഗ്രസ് അധ്യക്ഷൻ തീരുമാനിക്കട്ടെയെന്ന നിർദ്ദേശം വകവെയ്ക്കപ്പെട്ടതുമില്ല. എംഎൽഎമാരുടെ അഭിപ്രായം കേൾക്കണമെന്ന ഗലോട്ടിൻ്റെ ആവശ്യവും നിരാകരിക്കപ്പെട്ടു. കോൺഗ്രസ് പ്രസിഡൻ്റിൻ്റെ കസേരയിൽ അശോക് ഗലോട്ടിന് ഒരു കളിപ്പാവയുടെ ചലനമേ അനുവദിച്ചിട്ടുള്ളൂ എന്ന സന്ദേശമാണ് ഇതുവഴി രാഹുൽ കൈമാറിയത്.
കസേര നൽകാമെങ്കിലും അധികാരം തൻ്റെ കൈവശമാണ് അസന്നിഗ്ധമായി ഗലോട്ടിനെ ബോധ്യപ്പെടുത്തുകയായിരുന്നു, രാഹുൽ ഗാന്ധി. ഗതികേടു നോക്കൂ. കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനമേറ്റെടുക്കാൻ ഇതേ ഗലോട്ടു തന്നെ രാഹുലിൻ്റെ പിറകെ നടന്ന് ആവശ്യപ്പെട്ടതാണ്. പക്ഷേ, പദവിയും ചുമതലയും ഉത്തരവാദിത്തവുമൊന്നും ഏറ്റെടുക്കാൻ വയ്യ. പ്രസിഡൻ്റിൻ്റെ കസേരയിൽ പേരിന് ആരെങ്കിലുമിരിക്കട്ടെ, അവസാന വാക്കു പറയാനും തീരുമാനിക്കാനുമുള്ള അധികാരം തൻ്റെ കൈയിലുണ്ടാവണമെന്ന രാഹുൽ ഗാന്ധിയുടെ മനോഭാവമാണ് രാജസ്ഥാനിൽ പ്രശ്നങ്ങൾ സങ്കീർണമാക്കിയത്.
ഗലോട്ടിൻ്റെ പക്ഷത്ത് തീർച്ചയായും ന്യായമുണ്ട്. സച്ചിൻ പൈലറ്റ് ഉയർത്തിയ വിമത പ്രതിസന്ധി ഒരു നേതാവിന് ചേർന്ന വിധത്തിലാണ് അദ്ദേഹവും കൂട്ടരും അതിജീവിച്ചത്. സമാനമായ പ്രതിസന്ധി മധ്യപ്രദേശിലും ഉണ്ടായിരുന്നു. പക്ഷേ, അതിൽ നിന്ന് ബിജെപി മുതലെടത്തു. കമൽ നാഥിന് മുഖ്യമന്ത്രിസ്ഥാനം പോയി. പക്ഷേ, രാജസ്ഥാനിൽ നിന്ന് ഒരു എംഎൽഎ പോലും ബിജെപിയിലേയ്ക്ക് പോയതുമില്ല. സർക്കാരിന് ഒന്നും സംഭവിച്ചതുമില്ല.
കോൺഗ്രസിനെ മുൾമുനയിൽ നിർത്തുകയും ബിജെപിയുമായി വിലപേശൽ നടത്തുകയും ചെയ്ത സച്ചിൻ പൈലറ്റിനെ ഏകപക്ഷീയമായി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കെട്ടിയിറക്കുന്നത് കൂട്ടക്കുഴപ്പത്തിലേ കലാശിക്കൂ എന്ന് സാമാന്യബോധമുള്ളവർക്ക് ഊഹിക്കാവുന്നതേയുള്ളൂ. നിർഭാഗ്യവശാൽ രാഹുൽ ഗാന്ധിയ്ക്കില്ലാത്തതും അതാണ്.
രാഹുൽ ഗാന്ധിയെ കളി പഠിപ്പിക്കാൻ അശോക് ഗലോട്ട് തീരുമാനിച്ചത് ഒരുപക്ഷേ, കൊച്ചിയിൽ വെച്ചാവും. കാര്യങ്ങൾ ചർച്ച ചെയ്യാൻ അദ്ദേഹം സെപ്തംബർ 23ന് കൊച്ചിയിൽ എത്തിയിരുന്നു. എന്നാൽ ഗലോട്ട് എത്തുന്നതിനു മുമ്പ് രാഹുൽ ഗാന്ധി പത്രസമ്മേളനത്തിൽ വെടിപൊട്ടിച്ചു. ഒരാൾക്ക് ഒരു പദവി. ഉദയ്പൂർ ചിന്തൻ ശിബിരത്തിലെ തീരുമാനം നടപ്പാക്കണം. ഇതൊക്കെ പ്രഖ്യാപിക്കാൻ ഒരധികാരവും സംഘടനാപരമായി രാഹുൽ ഗാന്ധിയ്ക്കില്ല എന്നോർക്കുക.
ഗലോട്ട് കൊച്ചിയിലെത്തുന്നതിനും രണ്ടു ദിവസം മുമ്പ് സച്ചിൻ പൈലറ്റ് കേരളത്തിലെത്തിയിരുന്നു. അതിനും മുമ്പ് രണ്ടുതവണ അദ്ദേഹം ദില്ലിയിലെത്തി രാഹുലിനെയും പ്രിയങ്കയെയും കണ്ടിരുന്നു. ഗലോട്ട് പക്ഷത്തിൻ്റെ നെറ്റി അന്നേ ചുളിഞ്ഞിരുന്നു. അതിനു പിന്നാലെയാണ് സച്ചിൻ പൈലറ്റിനെ ഗലോട്ടിൻ്റെ പിൻഗാമിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചെന്ന വാർത്ത വന്നത്. സ്വാഭാവികമായും ഈ നടപടിയെ ഉപശാലയിലെ ഉപജാപങ്ങളുടെ തുടർച്ചയായിട്ടേ ആരും കാണൂ.
കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾത്തന്നെ ഗലോട്ട് മുഖ്യമന്ത്രിപദം രാജിവെയ്ക്കണമെന്നത് സച്ചിൻ പക്ഷത്തിന്റെ നിർദ്ദേശവും ആവശ്യവുമായിരുന്നു. ആരുമായും കൂടിയാലോചിക്കാതെ രാഹുലും പ്രിയങ്കയും അത് അംഗീകരിച്ചു. അവരാണല്ലോ യഥാർത്ഥ ഹൈക്കമാൻഡ്.
തൻ്റെ പിൻഗാമിയെ തീരുമാനിക്കുമ്പോൾ എംഎൽഎമാരുടെ അഭിപ്രായത്തിന് മുൻഗണന കിട്ടണമെന്ന കാര്യം ആദ്യം മുതലേ ഗലോട്ട് തുറന്നു പറഞ്ഞിട്ടുണ്ട്. 2020ലെ പ്രതിസന്ധിയെ അതിജീവിച്ചതിനുശേഷം, അടുത്ത തിരഞ്ഞെടുപ്പിലേയ്ക്കു പോകുമ്പോൾ പാർടിയിലെ ഐക്യം പ്രധാനമാണ് എന്ന നിലപാട് ഗലോട്ട് മറച്ചുവെച്ചിട്ടേയില്ല. പക്വമായ നിലപാടു തന്നെയാണത്. അതിൻ്റെ പ്രാധാന്യം മനസിലാക്കാനുള്ള രാഷ്ട്രീയബോധമൊന്നും രാഹുൽ ഗാന്ധിയ്ക്കില്ലാതെ പോയി.
രാഹുലിനു വെറും ഏഴു വയസുള്ളപ്പോഴാണ് 1977ൽ രാജസ്ഥാനിലെ സർദാർപുരയിൽ ഗലോട്ടിൻ്റെ കന്നി തിരഞ്ഞെടുപ്പങ്കം. അന്ന് തോറ്റുപോയി. 1980ൽ ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1984 മുതൽ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും നരസിംഹറാവുവിൻ്റെയും മന്ത്രിസഭകളിൽ കാബിനറ്റ് ചുമതലയുള്ള മന്ത്രിയായി. 1999 മുതൽ 2003 വരെ രാജസ്ഥാൻ മുഖ്യമന്ത്രി. പിന്നീട് എഐസിസി ജനറൽ സെക്രട്ടറി. 2018ൽ വീണ്ടും രാജസ്ഥാൻ മുഖ്യമന്ത്രിയും. കളവും കളിയും നന്നായി അറിയുന്ന രാഷ്ട്രീയപ്രവർത്തകൻ.
ഗലോട്ടിൻ്റെ കഴിവും പ്രാപ്തിയും മനസിലാക്കിത്തന്നെയാണ് കോൺഗ്രസിനെ നയിക്കാൻ സോണിയാ ഗാന്ധി ആവശ്യപ്പെട്ടത്. രാഹുലിൻ്റെ പിടിപ്പുകേടും എടുത്തുചാട്ടവും മൂലം പാർടിയ്ക്കുണ്ടായ സംഘടനാപ്പിഴവുകളെ അതിജീവിക്കാൻ ഗലോട്ടിൻ്റെ പക്വതയുള്ള നേതൃത്വത്തിനു കഴിയും എന്നവർ പ്രതീക്ഷിച്ചിട്ടുമുണ്ടാകും. ഇത്രയും കാലത്തെ രാഷ്ട്രീയ പ്രവർത്തന പരിചയവും കുടുംബപാരമ്പര്യത്തിൻ്റെ തഴമ്പും ഉണ്ടായിട്ടും കാര്യഗൗരവമുള്ള ഒരു നേതാവ് എന്ന നിലയിൽ കോൺഗ്രസിനുള്ളിൽപ്പോലും അംഗീകാരം നേടാൻ രാഹുലിന് കഴിഞ്ഞിട്ടില്ലെന്ന് ആരെക്കാളും നന്നായി സോണിയാ ഗാന്ധിയ്ക്കറിയാം.
ആസാമിലെ ഹേമന്ത ബിശ്വശർമ്മ, മധ്യപ്രദേശിൽ ജ്യോതിരാജാദിത്യ സിന്ധ്യ, പഞ്ചാബിൽ നവ്ജോത് സിംഗ് സിദ്ദു… രാഹുലിന്റെ കഴിവുകേടും എടുത്തു ചാട്ടവും മൂലം കോൺഗ്രസിന് അതിജീവിക്കാൻ കഴിയാതെപോയ പ്രതിസന്ധികൾ എത്രയെണ്ണം.
ദേശീയ രാഷ്ട്രീയത്തിലെ അതികായന്മാർ പലരും രാഹുലുമായി രാഷ്ട്രീയ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വൈമുഖ്യമുള്ളവരാണ്. ഒന്നാമത്തെ പ്രശ്നം, രാഹുൽ എളുപ്പത്തിൽ സമീപിക്കാൻ കഴിയുന്ന നേതാവല്ല. രണ്ട്, വിഷയങ്ങളുടെ ഗൗരവം മനസിലാക്കി ഇടപെടാനുള്ള ശേഷിയുമില്ല. ശരദ് പവാറാകട്ടെ, നിതീഷ് കുമാറാകട്ടെ, രാഹുലിനെക്കാൾ സോണിയാ ഗാന്ധിയുമായി കാര്യങ്ങൾ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ ബിജെപിയെക്കെതിരെയുള്ള രാഷ്ട്രീയ ബദൽ കെട്ടിപ്പെടുക്കാനുള്ള പ്രക്രിയയ്ക്ക് നേതൃത്വം നൽകാനുള്ള ആരോഗ്യം അവർക്കില്ല. രാഹുൽ ഗാന്ധിയാണെങ്കിൽ എഐസിസി പ്രസിഡൻ്റ് എന്ന നിലയിൽ തികഞ്ഞ പരാജയമാണെന്ന് തെളിയിച്ച ആളും.
അങ്ങനെയാണ് കുടുംബത്തിനു പുറത്തു നിന്നൊരാൾ എന്ന ആശയം രൂപപ്പെടുന്നത്. നിലവിലുള്ള കോൺഗ്രസ് നേതാക്കളിൽ കഴിവിന്റെയും പ്രാപ്തിയുടെയും കാര്യത്തിൽ ഒന്നാമത് നിൽക്കുന്നത് അശോക് ഗലോട്ട് തന്നെയാണ്. പ്രതിസന്ധിയെ അതിജീവിക്കുന്നതെങ്ങനെയെന്ന് സച്ചിൻ പൈലറ്റിന്റെ വിമതനീക്കങ്ങളെ കർക്കശമായി നേരിട്ടുകൊണ്ട് അദ്ദേഹം കോൺഗ്രസിനു കാണിച്ചും കൊടുത്തു. സമാനമായ നീക്കമാണ് മധ്യപ്രദേശിൽ കമൽനാഥിന് സാധിക്കാത്തത് രാജസ്ഥാനിൽ ഗലോട്ട് കാണിച്ചുകൊടുത്തു.
സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും പിസിസി പ്രസിഡൻ്റു സ്ഥാനത്തു നിന്നും തൂക്കിയെടുത്തു പുറത്തു കളഞ്ഞു. ഒരു എംഎൽഎ പോലും ബിജെപിയിൽ പോയതുമില്ല. മന്ത്രിസഭ വീണില്ല. ഉമിനീരിറക്കി കാത്തിരുന്ന ബിജെപിയ്ക്ക് കൊടിയ നിരാശയും സമ്മാനിച്ചു. രാഹുലും പ്രിയങ്കയുമൊക്കെ പാർടിയിലെ വിമതപ്രശ്നങ്ങൾ കൈകാര്യം ചെയ്തപ്പോഴൊക്കെ കോൺഗ്രസിന് നഷ്ടമേ ഉണ്ടായിട്ടുള്ളൂ. ഇവർ ആരെയും ഇടപെടുത്താതെ ഗലോട്ട് വിമതശല്യത്തിന് ശാശ്വത പരിഹാരവുമുണ്ടാക്കി. സ്വാഭാവികമായും ഈ കഴിവിനെയും പ്രാപ്തിയെയുമാണ് സോണിയ ദേശീയതലത്തിൽ ഉപയോഗപ്പെടുത്താൻ തീരുമാനിച്ചത്.
നല്ല നിലയിൽ കലാശിക്കേണ്ട ഒരു രാഷ്ട്രീയ പരീക്ഷണത്തെ ഈവിധം കുട്ടിച്ചോറാക്കിയതിൻ്റെ ഉത്തരവാദിത്തം രാഹുൽ ഗാന്ധിയ്ക്കു തന്നെയാണ്. കോൺഗ്രസിൻ്റെ സംസ്ഥാന ഘടകങ്ങളിലുണ്ടാകുന്ന ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ എഐസിസി പ്രസിഡൻ്റ് കസേരയിലിരുന്ന കാലത്ത് രാഹുലിന് കഴിഞ്ഞിട്ടില്ല. ആ സ്ഥാനം ഉപേക്ഷിച്ച ശേഷവും, തിരിച്ചുവരില്ല എന്ന വാശി ആവർത്തിച്ചു പ്രഖ്യാപിക്കുമ്പോഴും, പാർടിയിലെ അവസാന വാക്ക് താനാണ് എന്ന സന്ദേശം നൽകാൻ കിട്ടുന്ന ഒരവസരവും അദ്ദേഹം പാഴാക്കാറുമില്ല. ഒരു കുഴപ്പവും പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിലെന്ത്, ശൂന്യതയിൽ നിന്ന് കുഴപ്പമുണ്ടാക്കാനുള്ള കഴിവിന് ഒരു കുറവുമില്ല.
സ്വാഭാവികമായും അശോക് ഗലോട്ട് സ്വന്തം മനസാക്ഷിയോട് നീതി പുലർത്തി. രാജസ്ഥാൻ എന്ന വലിയ സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രി പദവി കൈവിട്ടാൽ കിട്ടാൻ പോകുന്നത് എഐസിസി പ്രസിഡൻ്റ് കസേരയാണെങ്കിലും രാഹുലിൻ്റെ കളിപ്പാവയുടെ റോളേ അവിടെ തനിക്കുള്ളൂ എന്ന സന്ദേശം അദ്ദേഹം തൻ്റെ പദവിയ്ക്കും വ്യക്തിത്വത്തിനും ചേരുന്ന വിധത്തിൽ ഉൾക്കൊണ്ടു.
ഇനി രാഹുലെന്തു ചെയ്യും? എഐസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഗലോട്ടിന്റെ സാധ്യത പൂർണമായും അടഞ്ഞു. ഇനിയുള്ളത് രാജസ്ഥാൻ മുഖ്യമന്ത്രിക്കസേരയിൽ നിന്ന് തെറിപ്പിക്കുകയാണ്. അതിനുള്ള ചുണയുണ്ടോ എന്ന വെല്ലുവിളിയാണ് ഇപ്പോൾ രാജസ്ഥാനിൽ മുഴങ്ങുന്നത്.