വഖഫ് അഴിമതിക്കേസില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഹ്‌മാന്‍ കല്ലായി അറസ്റ്റില്‍. മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മ്മാണത്തില്‍ 7 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്. അബ്ദുറഹ്‌മാന്‍ കല്ലായിയെക്കൂടാതെ കോണ്‍ഗ്രസ് നേതാവ് എം സി കുഞ്ഞമ്മദ് മാസ്റ്റര്‍,ലീഗ് നേതാവ് യു മഹറൂഫ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്. മട്ടന്നൂര്‍ പോലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്
കേസുമായി ബന്ധപ്പെട്ട് ഇവരെ രാവിലെ മുതല്‍ മട്ടന്നൂര്‍ പൊലീസ് ചോദ്യം ചെയ്ത് വരികയായിരുന്നു. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. രാവിലെ 8 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യലിനൊടുവില്‍ വൈകീട്ട് നാല് മണിയോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു .മസ്ജിദ് നിര്‍മ്മാണത്തില്‍ അഴിമതി നടന്നുവെന്നാരോപിച്ച് പള്ളി കമ്മിറ്റി അംഗം ഷെമീറെന്ന വ്യക്തിയായിരുന്നു പരാതി നല്‍കിയത്.
കേസുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് നേരത്തെ തലശ്ശേരി കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. അന്ന് കേസന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് രേഖപ്പെടുത്തിയാല്‍ സ്റ്റേഷനില്‍ നിന്ന് തന്നെ ഒരു ലക്ഷം രൂപയുടെ ജാമ്യത്തില്‍ ഇവരെ വിട്ടയക്കണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അതിനാല്‍ ഇവര്‍ക്ക് സ്‌റ്റേഷനില്‍ നിന്ന് തന്നെ ജാമ്യമെടുത്ത് പുറത്തിറങ്ങാനാവും.