കോണ്‍ഗ്രസ് ക്രിമിനലുകളെ സംരക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സമീപകാലത്തെ സംഭവവികാസങ്ങള്‍ ഇതിൻ്റെ ഉദാഹരണമാണെന്നും മുഖ്യമന്ത്രി. കൂടുതല്‍ അക്രമകാരികളാവുക, എന്തുചെയ്താലും ഞങ്ങള്‍ നിങ്ങളെ സംരക്ഷിക്കാനുണ്ടെന്നാണ് കോണ്‍ഗ്രസിൻ്റെ ഇപ്പോഴത്തെ സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസുകാര്‍ അരുംകൊലചെയ്ത ഇടുക്കി എന്‍ജിനിയറിങ് കോളേജിലെ എസ്എഫ്ഐ പ്രവര്ത്തകന് ധീരജ് രാജേന്ദ്രന് കുടുംബ സഹായ ഫണ്ട് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്യാംപസില്‍ പൊലിഞ്ഞുപോയ വിദ്യാര്‍ത്ഥി ജീവിതങ്ങള്‍ അപഹരിച്ചതില് മൂന്നിലൊന്നും കോണ്‍ഗ്രസും കെഎസ് യുവുമാണ്. ധീരജിൻ്റെ രക്തസാക്ഷിത്വത്തെ കെ പി സിസി അധ്യക്ഷന്‍ നിരവധി തവണ അപമാനിച്ചു. ധീരജിൻ്റെ അനുഭവമുണ്ടാകുമെന്ന് ഡിസിസി അധ്യക്ഷന്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ കോണ്‍ഗ്രസിലെ ഒരാള്‍പോലും ഈ നിലപാടിനെ തള്ളിപ്പറയാന്‍ തയ്യാറായില്ല. ധീരജിൻ്റെ കൊലപാതകികള്‍ക്ക് പശ്ചാത്താപമുണ്ടാകുമെന്ന് കരുതുന്നില്ല. ആസൂത്രിത കൊലപാതകം നടത്തിയവരില്‍ നിന്ന് അത് പ്രതീക്ഷിക്കുന്നില്ലെന്നും പിണറായി പറഞ്ഞു. അടിച്ചമര്‍ത്തലുകളെയും വേട്ടയാടലുകളെയും അതിജീവിച്ചാണ് ഇടതുപക്ഷവും വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ് എഫ് ഐയും വളര്‍ച്ച നേടിയതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
രാജ്യത്ത് ഉദാരവത്കരണ നടപടികള്‍ കോണ്‍ഗ്രസ് ആരംഭിക്കുകയും ഇപ്പോള്‍ അത് വീറോടെ മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നു. ഇരുവര്‍ക്കും ഒരേ നയമാണെന്ന് വ്യക്തം. ഈ നയത്തെ ഫലപ്രദമായി ഉള്ള ശക്തിവച്ച് പ്രതിരോധിച്ചത് ഇടതുപക്ഷമാണ്. ഇടതുപക്ഷം കേരളത്തില്‍ ഇതിന് ബദല്‍ നയം നടപ്പിലാക്കുമ്പോള്‍ അത് കോണ്‍ഗ്രസിനും ബിജെപിക്കും ഇഷ്ടപ്പെടുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ചെറുതോണി ബസ്സ്റ്റാന്‍ഡ് മൈതാനിയില്‍ ചേര്‍ന്ന യോഗത്തിലാണ് ധീരജിൻ്റെ മാതാപിതാക്കള്‍ക്ക് കുടുംബ സഹായ ഫണ്ട് കൈമാറിയത്. സിപിഐ എം ഇടുക്കി ജില്ലാ കമ്മിറ്റി സമാഹരിച്ച 1.55 കോടി രൂപയില്‍ ഒരുഭാഗമാണ് കൈമാറിയത്. ധീരജ് സ്മാരകമായി ചെറുതോണിയില്‍ നിര്‍മിക്കുന്ന എസ്എഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസിനും ധീരജിനൊപ്പം പരിക്കേറ്റ എസ്എഫ്ഐ പ്രവര്‍ത്തകരായ അമല്‍, അഭിജിത്ത് എന്നിവരുടെ തുടര്‍പഠനത്തിനുമാണ് ബാക്കി തുക ഉപയോഗിക്കുക.
ജനുവരി 10നാണ് കോണ്‍ഗ്രസ് – യൂത്ത് കോണ്‍ഗ്രസ് ക്രിമിനല്‍സംഘം ധീരജിനെ കുത്തിക്കൊലപ്പെടുത്തിയത്. കണ്ണൂര്‍ തളിപ്പറമ്പ് തൃഛംബരത്തെ വീട്ടില്‍ മൃതദേഹം സംസ്കരിക്കാന്‍ സാഹചര്യമില്ലാത്തിനാല് സിപിഐ എം വിലയ്ക്കുവാങ്ങിയ എട്ടുസെന്റിലായിരുന്നു ചിതയൊരുക്കിയത്. ധീരജിനായി അവിടെ സ്മാരകം നിര്‍മ്മിക്കും.