എകെജി സെൻ്റർ ആക്രമണ കേസിലെ പ്രതിക്കുവേണ്ടി യൂത്ത് കോൺഗ്രസിൻ്റെ അക്രമ സമരം. തിരുവനന്തപുരത്തെ കാവടിയാറിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. ക്രൈംബ്രാഞ്ച് ഓഫീസിനു മുന്നിൽ യൂത്ത് കോൺഗ്രസിൻ്റെ മാർച്ച് ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടഞ്ഞു. ഇതോടെ യൂത്ത് കോൺഗ്രസുകാർ അക്രമാസക്തരായി. ബാരിക്കേഡുകൾ മറിച്ച് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് നേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥൻ ഉൾപ്പടെയുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് അതിക്രമിച്ചു കയറാൻ യൂത്ത് കോൺഗ്രസ് ശ്രമിച്ചത്. മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ച കേസിലെ മുഖ്യസൂത്രധാരനാണ് കെ എസ് ശബരിനാഥൻ.
എകെജി സെന്റർ ആക്രമണക്കേസിൽ യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിൻ അറസ്റ്റിലായതിനു പിന്നാലെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രതിയെ സംരക്ഷിക്കുമെന്ന് നിലപാടെടുത്തിരുന്നു. കേസിൽ കുറ്റസമ്മതം നടത്തിയ ജിതിൻ പ്രതിയല്ലെന്ന നിലപാടാണ് കോൺഗ്രസിനുള്ളത്. എന്നാൽ ജിതിൻ യൂത്ത് കോൺഗ്രസിൻ്റെ നേതാവാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ സമ്മതിച്ചിരുന്നു.
കേസിൽ ഒരു യൂത്ത് കോൺഗ്രസ് നേതാവിനെ കൂടി അന്വേഷണ സംഘം ഇന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കേസുമായി ബന്ധമുള്ള യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് നിരീക്ഷിച്ചു വരികയാണ്. ഇവർക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ചാലുടൻ അറസ്റ്റുണ്ടാകും. ജൂൺ മുപ്പതിന് രാത്രിയാണ് സ്കൂട്ടറിൽ എത്തിയ അക്രമി എകെജി സെന്ററിൽ സ്ഫോടകവസ്തുവെറിഞ്ഞത്. സിപിഎം കേന്ദ്ര കമ്മറ്റി അംഗങ്ങൾ ഉൾപ്പടെ നിരവധി നേതാക്കൾ എകെജി സെൻ്ററിൽ ഉഉണ്ടായിരുന്ന സമയത്തായിരുന്നു സംഭവം. ആക്രമണം നടത്തിയത് കോൺഗ്രസാണെന്ന് സിപിഎം അന്നേ ആരോപിച്ചിരുന്നു.