മസാലാ ബോണ്ടു വിഷയത്തിൽ മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് ഹർജിയിലുന്നയിച്ച വാദങ്ങൾക്കൊന്നും മറുപടി പറയാതെ ഹൈക്കോടതിയിൽ ഇഡി എതിർസത്യവാങ്മൂലം സമർപ്പിച്ചു. മസാല ബോണ്ട് വഴി പണം സമാഹരിച്ച മറ്റ് സ്ഥാപനങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളുടെ വിവരം രേഖാമൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നൽകിയ നിർദ്ദേശവും ഇഡി പാലിച്ചിട്ടില്ല. സമൺസ് അയയ്ക്കാൻ അധികാരമുണ്ടെന്നും അത് കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയില്ലെന്നും ആവർത്തിച്ചു വാദിക്കുന്ന ഖണ്ഡികകളാണ് സത്യവാങ്മൂലത്തിൽ.
കാടും പടലും തല്ലുന്ന അന്വേഷണമാണ് ഇഡി നടത്തുന്നത് എന്ന തോമസ് ഐസക്കിൻ്റെ ആരോപണം സത്യവാങ്മൂലത്തിലൂടെ സാധൂകരിക്കുകയാണ് ഇഡി. ഐസക്കിനെതിരെയുള്ള കേസ് എന്താണെന്നോ എന്തിൻ്റെ പേരിലാണ് സ്വകാര്യവിവരങ്ങളടക്കം ചോദിച്ചതെന്നോ സത്യവാങ്മൂലത്തിൽ വിശദീകരണമില്ല. ആർക്കെതിരെയും സമൺസ് അയയ്ക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്നു മാത്രമാണ് പതിനേഴ് പേജുകളിലായി 21 ഖണ്ഡികകളുള്ള സത്യവാങ്മൂലത്തിൽ ഇഡി വാദിക്കുന്നത്.
ഫെമ ലംഘനത്തെക്കുറിച്ചുള്ള പരാതികൾ തങ്ങൾക്ക് കിട്ടിയെന്ന് ഇഡി അവകാശപ്പെടുന്നു. എന്നാൽ ആരാണ് പരാതിക്കാരനെന്നോ എന്താണ് പരാതിയിലെ ആരോപണമെന്നോ വ്യക്തമാക്കിയിട്ടില്ല. ഇതേക്കുറിച്ചുള്ള പ്രാഥമികാന്വേഷണം മാത്രമാണ് നടക്കുന്നത് എന്നാണ് ഇഡിയുടെ വാദം.
കിഫ്ബിയിൽ ഇഡി അന്വേഷണമാരംഭിച്ചിട്ട് ഒന്നര വർഷം കഴിഞ്ഞിട്ടും ഒരു ക്രമക്കേടുപോലും ചൂണ്ടിക്കാണിക്കാൻ ഈ സത്യവാങ്മൂലത്തിലും കഴിഞ്ഞിട്ടില്ല. കിഫ്ബി സിഇഒ അടക്കമുള്ള ഉദ്യോഗസ്ഥരെ ആവർത്തിച്ച് ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. കിഫ്ബിയോ ഉദ്യോഗസ്ഥരോ ഫെമ ലംഘിച്ചുവെന്ന് തെളിവു സഹിതം കോടതിയെ ബോധ്യപ്പെടുത്താൻ ഈ സത്യവാങ്മൂലത്തിലും ഒന്നുമില്ല.
ഒരേ രേഖ ലഭിക്കാന്‍ ഒന്നിലേറെ തവണ സമന്‍സ് അയച്ചത് അന്വേഷണ ഏജന്‍സി മനസ് അര്‍പ്പിച്ചല്ല കാര്യങ്ങള്‍ ചെയ്യുന്നത് എന്നതിൻ്റെ സൂചനയാണെന്ന് ഹർജി പരിഗണിച്ച ആദ്യ ദിവസം തന്നെ ജസ്റ്റിസ് സി ജെ അരുൺ അഭിപ്രായപ്പെട്ടിരുന്നു. ഈ നിരീക്ഷണത്തിനും സത്യവാങ്മൂലത്തിൽ വിശദീകരണമില്ല.
നാഷണൽ ഹൈവേ അതോറിറ്റി, നാഷണൽ തെർമൽ പവർ കോർപറേഷൻ, ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്പ്മെന്റ് ഏജൻസി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ മസാലാബോണ്ടു വഴി നിക്ഷേപം സ്വീകരിച്ച കാര്യം കോടതിയെ ധരിപ്പിച്ചിരുന്നു. ഇതിൽ എത്രപേർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഹൈക്കോടതി ഇഡിയോട് ചോദിച്ചിരുന്നു. വിശദീകരണം രേഖാമൂലം സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതേക്കുറിച്ചൊന്നും സത്യവാങ്മൂലത്തിൽ വിശദീകരണമില്ല.
ചുരുക്കിപ്പറഞ്ഞാൽ, കാരണം വ്യക്തമാക്കാതെ ആർക്കും സമൻസ് അയക്കാനും ആരെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കാനും തങ്ങൾ അധികാരമുണ്ട് എന്ന് ആവർത്തിച്ചു വാദിക്കുക മാത്രമാണ് ഇഡി ചെയ്യുന്നത്. ഇഡിയുടെ സത്യവാങ്മൂലത്തിന് തോമസ് ഐസക്കും കിഫ്ബിയും മറുപടി നൽകും. കേസ് നാലു ദിവസം കഴിഞ്ഞ് പരിഗണിക്കും.
ഇഡി ഇപ്പോഴും ഇരുട്ടിൽ; സത്യവാങ്മൂലം നൽകണമെന്ന ഹൈക്കോടതി നിർദ്ദേശം പാലിച്ചില്ല: കേസ് ഇനിയും നീളും