പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ വ്യാപക അക്രമം. കണ്ണൂരിൽ കെഎസ്ആർടിസി ബസിന് നേരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പെട്രോൾ ബോംബെറിഞ്ഞു. കണ്ണൂര്‍ ഉളിയില്‍ നരയന്‍പാറയിലാണ് സംഭവം. പത്രം കൊണ്ടുപോകുകയായിരുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, കൊല്ലം, വയനാട്, പന്തളം, തൃശൂർ എന്നിവിടങ്ങളിൽ സർവീസ് നടത്തിയ കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ത്തു.
കണ്ണൂർ ഉളിയില്‍ കെഎസ്ആര്‍ടിസി ബസിനും കാറിനും നേരെയും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കല്ലെറിഞ്ഞു. ആക്രമത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ധര്‍മ്മടം സ്വദേശി രതീഷിന് പരുക്കേറ്റു. വളപട്ടണം പാലത്തിന് സമീപം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറുണ്ടായി. മൂകാംബികയിലേക്ക് പോവുകയായിരുന്ന ബസിന് നേരെ ഏഴരയോടെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ അനഖ എന്ന പതിനഞ്ച് വയസുകാരിക്ക് പരുക്കേറ്റു.
കോഴിക്കോട് നടന്ന കല്ലേറിൽ കെഎസ്ആർടിസി ഡ്രൈവർ ശശിയുടെ കണ്ണിന് സാരമായി പരുക്കേറ്റു. കെഎസ്ആർടിസി ബസുകൾക്ക് പുറമെ സംസ്ഥാന വ്യാപകമായി ലോറി, കാർ തുടങ്ങിയ നിരവധി വാഹനങ്ങൾക്ക് നാശനഷ്ടമുണ്ടായി. തൃശൂരില്‍ ഹർത്താൽ അനുകൂലികൾ പെട്രോള്‍ പമ്പ് അടപ്പിച്ചു.
രാവിലെ ആറുമുതൽ വൈകീട്ട് ആറ് വരെ പ്രഖ്യാപിച്ച ഹർത്താലിൽ അക്രമത്തിന് നേതൃത്വം നൽകിയ കണ്ടാലറിയാവുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായി. മറ്റുചില പ്രദേശങ്ങളിൽ ആക്രമണത്തിന് നേതൃത്വം നൽകിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കുനേരെ പോലീസ് ലാത്തി ചാർജ് ചെയ്തു.
കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. പതിനഞ്ച് സംസ്ഥാങ്ങളിലായി നടന്ന റെയ്ഡിൽ 106 പോപ്പുലർ ഫ്രണ്ട് നേതാക്കൾ അറസ്റ്റിലായിരുന്നു. റെയ്ഡിനെ തുടർന്നാണ് പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വനം ചെയ്തത്.
1 Comment
Pingback: മിന്നൽ ഹർത്താൽ; പോപ്പുലർ ഫ്രണ്ടിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി - T21 Media