തിരുവനന്തപുരം : രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎയുടെയും ഇഡിയുടെയും സംയുക്ത റെയിഡ്. 10 സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡില്‍ 100 പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ തങ്ങളെ തൃശൂരിലെ വീട്ടിൽ നിന്ന് എൻഐഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേരളം, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, യുപി എന്നിവിടങ്ങളിലാണു റെയ്ഡ് നടന്നത്. പുലർച്ചെ 4.30 നാണ് റെയ്‌ഡ് ആരംഭിച്ചത്.
തിരുവനന്തപുരത്തും ഡൽഹിയിലും പോപ്പുലർ ഫ്രണ്ടിനെതിരെ റജിസ്റ്റർ ചെയ്ത കേസുകളെ തുടർന്നാണ് റെയിഡ് എന്നാണ് വിവരം. പാലക്കാട് ബിജെപി പ്രവർത്തകൻ ശ്രീനിവാസനെ വെട്ടിക്കൊന്ന കേസിലെ പതിനൊന്നാം പ്രതിയ്ക്ക് എസ്ഡിപിഐ കേന്ദ്രക്കമ്മിറ്റി ഓഫീസിന്റെ പേരിലുള്ള കാനറാ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം വന്നതിനെ തുടർന്ന് ഈ അക്കൗണ്ട് അടുത്തിടെ മരവിപ്പിച്ചിരുന്നു. കൊലപാതകത്തിനു മുമ്പും പിമ്പും ഇയാൾക്ക് പണം ഈ അക്കൗണ്ടിൽ നിന്ന് പണം എത്തിയതായി കണ്ടെത്തിയിരുന്നു.
കേന്ദ്ര സേനയുടെ കാവലോടെയാണ് നേതാക്കളുടെ വീടുകളിലും പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും റെയിഡ് തുടരുന്നത്. നേതാക്കളുടെ വീടുകളിൽ നിന്ന് മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ലഘുലേഖകൾ, പെൻഡ്രൈവ് എന്നിവ പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ട്.
റെയ്ഡ് ഭരണകൂട ഭീകരതയാണെന്നും എതിര്‍ ശബ്ദങ്ങളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നിശബ്ദമാക്കാൻ ഫാസിസ്റ്റ് ഭരണകൂടം നടത്തുന്ന ശ്രമമാണിതെന്നും ഈ നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കണമെന്നും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതൃത്വം സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.