ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭരണഘടനാ വ്യവസ്ഥ ലംഘിച്ചെന്ന് ആക്ഷേപം. ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുമ്പോഴാണ് ആരിഫ് മുഹമ്മദ് ഖാൻ ഭരണഘടനാ വ്യവസ്ഥ ലംഘിച്ചത്. നിയമസഭകളിലേക്ക് മത്സരിക്കാൻ ഇരുപത്തിയഞ്ച് വയസ് തികയണമെന്ന് ഭരണഘടന വ്യവസ്ഥ ചെയ്യുന്നുണ്ട്. 1951 നവംബർ പതിനെട്ടിനാണ് ആരിഫ് മുഹമ്മദ് ഖാൻ ജനിച്ചതെന്ന് രേഖകളിൽ നിന്ന് വ്യക്തമാണ്. എന്നാൽ 1974 ൽ ഉത്തർപ്രദേശ് നിയമസഭയിലേക്ക് മത്സരിക്കുമ്പോൾ ആരിഫ് മുഹമ്മദ് ഖാന് ഇരുപത്തിരണ്ട് വയസ് മാത്രമേ ഉണ്ടായിരുന്നൊള്ളൂ.
1974 ൽ ഉത്തർപ്രദേശിലെ അനുപ്ഷഹർ മണ്ഡലത്തിലാണ് ആരിഫ് മുഹമ്മദ് ഖാൻ ആദ്യമായി ജനവിധി തേടിയത്. സ്വതന്ത്ര പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച ആരിഫ് മുഹമ്മദ് ഖാന് ആദ്യ തെരഞ്ഞെടുപ്പിൽ വിജയിക്കാനായില്ല. 16,866 വോട്ടുകൾ നേടിയ ഭാരതീയ ക്രാന്തിദളിൻ്റെ കച്ചേരുസിങ് മരിയ വിജയിച്ചു. 11,301 വോട്ടുകൾ നേടിയ ആരിഫ് മുഹമ്മദ് ഖാൻ്റെ സ്ഥാനം നാലാമതായിരുന്നു.
ആദ്യ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര പാർട്ടിയിൽനിന്ന് മത്സരിച്ച ആരിഫ് മുഹമ്മദ് ഖാൻ, 1977ൽ ഉത്തർപ്രദേശിലെ സിയറ മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയത് ജനതാ പാർട്ടി സ്ഥാനാർത്ഥിയായാണ്. ജനതാ പാർട്ടി സ്ഥാനാർഥിയായ ആരിഫ് മുഹമ്മദ് ഖാൻ വിജയിച്ചു. 1980 ൽ കോൺഗ്രസിൽ ചേർന്ന ആരിഫ് മുഹമ്മദ് ഖാൻ എംപിയായി. എൺപതുകളുടെ അവസാനത്തിൽ വീണ്ടും പാർട്ടി മാറിയ ആരിഫ് ജനതാദളിൽ ചേരുകയും വി പി സിങ് സർക്കാരിൽ മന്ത്രിയായാവുകയും ചെയ്തു. ജനതാദൾ വിട്ട ആരിഫ് 1998ൽ ബിഎസ്പി ടിക്കറ്റിൽ വീണ്ടും പാർലമെന്റിലെത്തി. ഒടുവിൽ 2004 ൽ ആരിഫ് മുഹമ്മദ് ഖാൻ ബിജെപിയിൽ ചേർന്നു.
അധികാരത്തിനായി വിവിധ പാർട്ടികളിൽ മാറി മാറി ചേർന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഗുരുതര ആരോപണങ്ങളാണ് നിലവിൽ ഉയരുന്നത്. അതിനിടയിലാണ് നിയമസഭയിലേക്കുള്ള ആദ്യ മത്സരത്തിൽ ഭരണഘടനാ വ്യവസ്ഥ ലംഘിച്ചെന്ന ആക്ഷേപവും.