കൊച്ചി: മസാലാ ബോണ്ട് ഹർജികളിൽ കഴിഞ്ഞ പതിനെട്ടിനു മുമ്പ് സത്യവാങ്മൂലം സമർപ്പിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം പാലിക്കാനാവാതെ ഇഡി ഇരുട്ടിൽത്തപ്പുന്നു. മസാലാ ബോണ്ടിറക്കിയ മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏതിനൊക്കെ എതിരെ അന്വേഷണം നടക്കുന്നുണ്ട് എന്നും കോടതി ചോദിച്ചിരുന്നു.
ഈ ചോദ്യങ്ങൾക്കൊക്കെ ഉത്തരം പറയുന്ന സത്യവാങ്മൂലം സെപ്തംബർ 18നകം സമർപ്പിക്കണമെന്നും എല്ലാ ഹർജിയും 23ന് കേൾക്കുമെന്നുമായിരുന്നു ജസ്റ്റിസ് സി ജെ അരുൺ നിർദ്ദേശിച്ചത്. ഈ നിർദ്ദേശം ഇഡി പാലിക്കാതിരുന്നതോടെ കേസ് ഇനിയും നീളുമെന്ന് ഉറപ്പായി.
സെപ്തംബർ 23നാണ് കേസ് പരിഗണിക്കുന്നത്. അന്ന് ഇഡി സത്യവാങ്മൂലം ഫയൽ ചെയ്താൽ, എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കിഫ്ബിയ്ക്കും തോമസ് ഐസക്കിനും സമയമുണ്ട്. അതിനു ശേഷം മാത്രമേ വിധിയിലേയ്ക്ക് കടക്കാൻ കഴിയൂ. അതുവരെ ഇഡിയ്ക്ക് നടപടികൾ നിർത്തിവെയ്ക്കേണ്ടി വരും.
23ന് സർക്കാരിൻ്റെ ഭാഗം പറയാൻ അഡ്വ. ജനറൽ നേരിട്ട് കോടതിയിൽ ഹാജരാകുമെന്നാണ് വിവരം. തോമസ് ഐസക്കിന് വേണ്ടി സിദ്ധാർത്ഥ ദവയാണ് ഹാജരാകുന്നത്.
കഴിഞ്ഞ ആഗസ്റ്റ് 11നാണ് നിയമയുദ്ധം തുടങ്ങിയത്. എതിർസത്യവാങ്മൂലം സമർപ്പിക്കാൻ സമയം വേണമെന്ന് അന്ന് മുതൽ കോടതിയോട് ഇഡി ആവശ്യപ്പെടുന്നതാണ്. രണ്ടു തവണ കോടതി സമയം നീട്ടി നൽകുകയും ചെയ്തു. ആഗസ്റ്റ് 16നും സെപ്തംബർ 2നും എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സമയം നൽകിയെങ്കിലും ഇഡിയ്ക്ക് കഴിഞ്ഞില്ല.
കഴിഞ്ഞ തവണ കേസു പരിഗണിച്ചപ്പോൾ നാഷണൽ ഹൈവേ അതോറിറ്റിയും എൻടിപിസിയുമുൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ മസാലാ ബോണ്ടു വഴി നിക്ഷേപം സ്വീകരിച്ചത് കിഫ്ബി ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. അപ്പോഴാണ് ഇത്തരം പൊതുമേഖലാ സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം നടക്കുന്നുണ്ടോ എന്ന ചോദ്യം കോടതി ഉന്നയിച്ചത്