ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരായ പ്രതിഷേധം നേരത്തെയുള്ള തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന ഗവര്‍ണറുടെ വാദം പൊളിയുന്നു. ഗവര്‍ണര്‍ക്കെതിരെ ഉയര്‍ത്തിയ പ്രതിഷേധ പോസ്റ്ററുകള്‍ ഗവര്‍ണറുടെ പ്രസംഗത്തെത്തുടര്‍ന്ന് സദസിലുള്ളവര്‍ പെട്ടെന്ന് എഴുതിതയ്യാറാക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ സംവാദത്തിന് തയ്യാറാകുന്നില്ലെന്ന ഗവര്‍ണറുടെ വാക്കുകളെ തുടര്‍ന്നാണ് പ്രതിഷേധം ആരംഭിക്കുന്നത്. ഗവര്‍ണറുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പ്രതിനിധികള്‍ക്ക് നല്‍കിയ ചരിത്ര കോണ്‍ഗ്രസ് പ്രബന്ധ സംഗ്രഹത്തിൻ്റെ പുറംചട്ടയിലും കുറിപ്പെഴുതാന്‍ നല്‍കിയ പേപ്പറുകളിലുമാണ് ഇരിപ്പിടങ്ങളിലും നിലത്തുമിരുന്ന് ഇവര്‍ മുദ്രാവാക്യങ്ങള്‍ എഴുതിയത്. ഇതില്‍ ഏറെയും ‘സിഎഎയും എന്‍ആര്‍സിയും എന്‍പിആറും തള്ളുക’ എന്നെഴുതിയ പോസ്റ്ററുകളായിരുന്നു
തനിക്കെതിരെ ഉയര്‍ത്തിയ പ്രതിഷേധ പോസ്റ്റര്‍ നേരത്തെ തയ്യാറാക്കിയതാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു പ്രതിഷേധം നേരത്തെയുള്ള തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലെന്ന ഗവര്‍ണറുടെ വാദം. ഇത് തെറ്റെന്ന് തെളിയിക്കുന്നതാണ് നിലത്തിരുന്ന് പോസ്റ്ററെഴുതുന്ന ചരിത്ര കോണ്‍ഗ്രസ് പ്രതിനിധിയുടെ ദൃശ്യങ്ങള്‍. നേരത്തെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന ഗവര്‍ണറുടെ അവകാശവാദം തെറ്റെന്ന് തെളിഞ്ഞിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ നീങ്ങിയ പൊലീസിനോട് അവര്‍ക്ക് അമിത പ്രാധാന്യം നല്‍കരുതെന്ന് ആവശ്യപ്പെട്ടത് ഗവര്‍ണറാണെന്നതിൻ്റെ വീഡിയോ ആയിരുന്നു പുറത്തുവന്നത്.
പൊലീസ് നടപടി തടഞ്ഞത് ഗവര്‍ണര്‍ , തെളിവായി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം