മുസ്ലിം ലീഗിൽ തർക്കങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, കെ എം ഷാജിയെ മലപ്പുറത്തേക്ക് വിളിപ്പിച്ചു. ജനറൽ സെക്രട്ടറി പിഎംഎ സലാമും ആബിദ് ഹുസൈൻ തങ്ങളും കൂടികാഴ്ച്ചയിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. രാവിലെ 10:30 ന് പാണക്കാട്ടെ വസതിയിലായിരിക്കും കൂടികാഴ്ച്ച. നേതൃത്വത്തിനും ദേശീയ ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടിക്കുമെതിരെ പരസ്യ വിമർശനങ്ങൾ നടത്തിയ പശ്ചാത്തലത്തിലാണ്, കെ എം ഷാജിയെ പാണക്കാട്ടേക്ക് വിളിപ്പിച്ചത്.
ഷാജിയുടെ ആരോപണങ്ങൾക്ക് പിന്നാലെ പി കെ ഫിറോസ്, എം കെ മുനീർ, പി എം എ സലാം തുടങ്ങിയ നേതാക്കളും വിഷയത്തിൽ പരസ്യമായി പ്രതികരിച്ചിരുന്നു. ഇന്നത്തെ കൂടിക്കാഴ്ചയിൽ ഇതെല്ലാം ചർച്ചയായേക്കും. എം കെ മുനീർ ഷാജിയെ പിന്തുണയ്ക്കുമ്പോൾ പി എം എ സലാമും പി കെ ഫിറോസും ഷാജിക്കെതിരായാണ് കഴിഞ്ഞ ദിവസം നിലപാടെടുത്തിരുന്നത്.
കഴിഞ്ഞ ദിവസം ജിദ്ദയിൽ നടന്ന കെ എം സി സി യോഗത്തിലാണ് പാർട്ടി നേതൃത്വത്തിനെതിരെയും കുഞ്ഞാലിക്കുട്ടിക്കെതിരെയും ഷാജി വിമർശനം ഉന്നയിച്ചത്. തുടർന്ന് മലപ്പുറത്ത് ചേർന്ന മുസ്ലീം ലീഗ് പ്രവർത്തക സമിതി യോഗത്തിൽ കെ എം ഷാജിക്കെതിരെ മുതിർന്ന നേതാക്കൾ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരത്തിലാണ് കെ എം ഷാജി പൊതുവേദികളിൽ പ്രസംഗിക്കുന്നത്. ലീഗിനെയും നേതാക്കളെയും അപമാനിക്കുന്ന തരത്തിലും കെ എം ഷാജി പതിവായി പ്രസംഗിക്കുന്നു. ഈ പ്രസംഗം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു. എം എ യൂസഫലി അടക്കമുള്ളവരെ അപമാനിക്കാൻ കെ എം ഷാജി ശ്രമിച്ചു. ഷാജിക്കെതിരെ നടപടിയെടുക്കണമെന്നും ലീഗ് പ്രവർത്തക സമിതിയിൽ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.