തിരുവനന്തപുരം : കെ മുരളീധരൻ കടുത്ത തീരുമാനത്തിലാണ്. കാസർകോടു വരെ ജോഡോ യാത്രയുടെ ഭാഗമാകും. എന്നാൽ ഒരിടത്തുപോലും വേദിയിൽ കയറില്ല. തൻ്റെ നിയോജകമണ്ഡലമായ നേമത്ത് രാഹുലിനൊപ്പം വേദിയിലിരിക്കാൻ അനുവദിക്കാതെ ഇറക്കിവിട്ടതിലുള്ള അദ്ദേഹത്തിൻ്റെ രോഷം ഇതുവരെയും ശമിച്ചിട്ടില്ല. വേദിയിൽ ഇടം കിട്ടാത്തതല്ല, തന്നെ ഇറക്കിവിട്ട് വി എസ് ശിവകുമാറിനെ വേദിയിലിരുത്തിയത് മുറിവിൽ ഉപ്പുതേയ്ക്കുന്നതിനു സമമാണ് എന്നാണ് മുരളീധരൻ്റെ വികാരം. ജോഡോ യാത്ര കേരളം വിട്ടാൽ, ശക്തമായ പ്രതികരണങ്ങളുമായി അദ്ദേഹം രംഗത്തിറങ്ങും.
ജാഥാ പരിപാടികളുടെ ആസൂത്രണം കെ സി വേണുഗോപാൽ – വി ഡി സതീശൻ ടീമിൻ്റെ സ്വാധീനപ്രഖ്യാപനമാണ് എന്ന പരാതി പല നേതാക്കൾക്കുമുണ്ട്. തനിക്ക് രാഹുൽ ഗാന്ധിയിലുള്ള സ്വാധീനം ബോധ്യപ്പെടുത്താൻ കിട്ടുന്ന ഒരവസരവും വേണുഗോപാൽ പാഴാക്കുന്നില്ല. രാഹുലിനൊപ്പം വേദിയിലിരിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കുന്നത് കെ സി വേണുഗോപാലിന്റെ അറിവോടെയാണ്. ആ പട്ടികയിൽ ഉൾപ്പെടാൻ എല്ലാ അർഹതയുമുള്ള നേതാവാണ് മുരളീധരൻ. എന്നിട്ടും മുരളിയെ വെട്ടി, വളരെ ജൂനിയറായ വി എസ് ശിവകുമാറിനെ ഉൾപ്പെടുത്തിയത് പലർക്കുമുള്ള മുന്നറിയിപ്പാണ്.
നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ നിശ്ചയിച്ചുറപ്പിച്ച ഉദ്ഘാടന ചടങ്ങിൽ നിന്ന് രാഹുലിനെ അവസാനനിമിഷം പിൻമാറ്റിയത് വേണുഗോപാലാണ്. എന്നാൽ അക്കാര്യം കെപിസിസി പ്രസിഡന്റുപോലും അറിഞ്ഞത് ജാഥ കടന്നു പോയ ശേഷം മാത്രം. അതിലുള്ള നീരസം സുധാകരൻ പരസ്യമായി പ്രകടിപ്പിച്ചുവെങ്കിലും വിഷമം മനസിലൊതുക്കാനേ തൽക്കാലം കഴിയൂ.
ഇതുവരെയുള്ള യാത്രയിൽ അഭാവം കൊണ്ട് ശ്രദ്ധ നേടുന്നത് മുല്ലപ്പള്ളിയും സുധാകരനുമാണ്. മുല്ലപ്പള്ളിയെക്കുറിച്ച് എങ്ങും കേൾക്കാനേയില്ല. സുധീരനാകട്ടെ, പാറശാലയിൽ ജാഥയുടെ പ്രവേശന സമയത്ത് രാഹുൽ ഗാന്ധിയെ മുഖം കാണിച്ച ശേഷം അമേരിക്കയിലേയ്ക്ക് പറന്നു. ചികിത്സാർത്ഥമാണ് പോയത് എന്ന് വിശദീകരണമുണ്ടെങ്കിലും യഥാർത്ഥ കാരണം അതല്ലെന്ന് കോൺഗ്രസുകാർ തന്നെ രഹസ്യമായി സമ്മതിക്കുന്നു. വാർദ്ധക്യം വകവെയ്ക്കാതെ എ കെ ആന്റണിയും തെന്നല ബാലകൃഷ്ണപിള്ളയുമൊക്കെ ജാഥയിൽ കുറച്ചു നേരമെങ്കിലും പങ്കെടുത്തു. എന്നാൽ മുൻ കെ പിസിസി പ്രസിഡന്റെന്ന നിലയിൽ മുല്ലപ്പള്ളിയുടെ സാന്നിധ്യം ഇതുവരെയുമില്ല.
ജാഥ കേരളം കടക്കുന്നതോടെ വേണുഗോപാൽ – സതീശൻ സഖ്യത്തിനാവും, കേരളത്തിലെ കോൺഗ്രസിന്റെ അപ്രമാദിത്തം. ഈ ഗ്രൂപ്പിലായിരുന്നു കെ സുധാകരനെങ്കിലും ഈയടുത്ത കാലത്ത് രമേശ് ചെന്നിത്തലയുമായി ഉണ്ടാക്കിയ ധാരണയെ മറുപക്ഷം ഗൗരവത്തിലെടുത്തിട്ടുണ്ട്. തന്നിൽ നിന്ന് പ്രതിപക്ഷ നേതൃസ്ഥാനം തട്ടിയെടുത്ത വി ഡി സതീശനെ കടുത്ത ശത്രുവായി പ്രഖ്യാപിച്ചാണ് ചെന്നിത്തലയുടെ നീക്കങ്ങൾ.
കെസി-വിഡി ടീമീൻ്റെ പോക്കിൽ അസംതൃപ്തിയുള്ള എല്ലാവരെയും ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് സുധാകരൻ നേതൃത്വം കൊടുക്കുന്ന ഗ്രൂപ്പിന്റെ ലക്ഷ്യം. കെ മുരളീധരനെയും അവർ സ്വപക്ഷത്ത് കണക്കുകൂട്ടുന്നു. എന്നാൽ, മുരളീധരന്റെ കൂറിലും ലക്ഷ്യത്തിലും അവർക്കു സംശയവുമുണ്ട്. നിന്ന നിൽപ്പിൽ എതിർഗ്രൂപ്പിലേയ്ക്ക് കരണം മറിയാനും, സഹായിച്ചവരെ ഒറ്റ നിമിഷം കൊണ്ട് തള്ളിപ്പറയാനും ഒരു മടിയുമില്ലാത്ത നേതാവാണ് മുരളീധരൻ എന്ന അപഖ്യാതിയും അദ്ദേഹത്തിനുണ്ട്.
ജോഡോ യാത്ര കേരളം വിടുന്നതോടെ, കോൺഗ്രസിലെ ആഭ്യന്തര സംഘർഷങ്ങൾ മൂർച്ഛിക്കുമെന്നുറപ്പാണ്. ആത്യന്തികമായി കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കാണുന്ന വേണുഗോപാലിനെ മനസിൽ പദ്ധതികൾ കുറേയുണ്ട്. കെ സുധാകരനെ നീക്കി, അടൂർ പ്രകാശിനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കൊണ്ടു വരണമെന്നത് അതിലൊരു ലക്ഷ്യമാണ്. ഇപ്പോൾ സുധാകരനെതിരെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ ശരത് ചന്ദ്ര പ്രസാദ് തയ്യാറായതിനു പിന്നിലും കെസിയുടെ കൈകളുണ്ട് എന്ന സംശയം സുധാകര പക്ഷത്തിനുണ്ട്.