ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍മാസ്റ്റര്‍. പദവിക്ക് അനുയോജ്യമായല്ല പ്രവര്‍ത്തിക്കുന്നതെന്നും പദവിക്ക് ചേര്‍ന്ന സമചിത്തത ഗവര്‍ണര്‍ കാണിക്കുന്നില്ലെന്നും ഗോവിന്ദന് മാസ്റ്റര്‍ ആരോപിച്ചു. വലതുപക്ഷ മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനും വേണ്ടി പണിയെടുക്കുകയാണ് ഗവര്‍ണര്‍. ഗവര്‍ണര്‍ക്ക് കേന്ദ്രമന്ത്രി വി മുരളീധരന് നല്കിയ പിന്തുണ ഇവര്‍ ഒരേ തൂവല്‍ പക്ഷികളായതിനാലെന്നും ഗോവിന്ദന് മാസ്റ്റര്‍ പരിഹസിച്ചു.
രാവിലെ ഗവര്‍ണര്‍ ഉന്നയിച്ച വിവിധ ആരോപണങ്ങള്‍ക്കും സിപിഎം സംസ്ഥാന സെക്രട്ടറി എണ്ണിയെണ്ണി മറുപടി പറഞ്ഞു. കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ക്കെതിരെ വധശ്രമമായിരുന്നില്ല നടന്നത് . പ്രതിഷേധം മാത്രമാണ്. ഗവര്‍ണറുടെ പ്രതികരണത്തെത്തുടര്‍ന്നാണ് ആ പ്രതിഷേധമുണ്ടായത്. അതുകൊണ്ട് തന്നെ വധശ്രമ ഗൂഡാലോചനയെന്നത് തെറ്റായ വ്യാഖ്യാനമാണെന്നും ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ വിമര്‍ശിച്ചുള്ള ഗവര്‍ണറുടെ പ്രതികരണം ഇടത്പക്ഷത്തെ ലക്ഷ്യമാക്കിയാണെങ്കിലും കലാലയങ്ങളില്‍ ഏറ്റവും കൂടുതല്‍ രക്തസാക്ഷികളുള്ളത് എസ് എഫ് ഐക്കാണെന്നും ഗോവിന്ദന് മാസ്റ്റര്‍ കണക്ക് നിരത്തി ചൂണ്ടിക്കാട്ടി.
ഇത്തരം പ്രതികൂല രാഷ്ട്രീയ സാഹചര്യത്തെ അതിജീവിച്ചാണ് കേരളം മുന്നോട്ട് പോയത്,സര്‍ക്കാര്‍ ഭരണഘടാനപരമായും നിയമപരമായും പ്രവര്‍ത്തിക്കും ഗവര്‍ണറും ഭരണഘടാനപരമായും നിയമപരമായും പ്രവര്‍ത്തിക്കണം. നിയമസഭ പാസാക്കിയെങ്കില്‍ ബില്ലുകള്‍ നിയമമാകും, അതിന് എന്തെല്ലാം വഴി സ്വീകരിക്കണമോ അത് സ്വീകരിക്കുമെന്നും ഗവര്‍ണര്‍ക്ക് ഗോവിന്ദന് മാസ്റ്റര്‍ മുന്നറിയിപ്പ് നല്കി.