രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവുള്ള സംസ്ഥാനമെന്ന നേട്ടം വീണ്ടും കേരളത്തിന്. കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട ആഗസ്റ്റ് മാസത്തിലെ കണക്ക് പ്രകാരം 5.73 ശതമാനമാണ് കേരളത്തിലെ വിലക്കയറ്റം. രാജ്യത്തെ വിലക്കയറ്റത്തോത് 7% ആയിരിക്കുമ്പോഴാണ് കേരളത്തില്‍ ദേശീയ ശരാശരിയേക്കാള്‍ വിലക്കയറ്റം കുറഞ്ഞുനില്‍ക്കുന്നത്. ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിലെ വിലക്കയറ്റത്തോത് ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കുറവുള്ള സംസ്ഥാനവും കേരളമാണ്.
ഇടതുപക്ഷം രാജ്യത്തിന് മുന്നില്‍ വയ്ക്കുന്ന ബദല്‍ വികസന രാഷ്ട്രീയത്തിൻ്റെ വിജയമാണ് ഈ കണക്കുകള്‍ തെളിയിക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ശക്തമായ പൊതുവിതരണ സമ്പ്രദായവും പൊതുവിപണിയില്‍ സര്‍ക്കാര്‍ നടത്തുന്ന കാര്യക്ഷമമായ ഇടപെടലുകളുമാണ് ഇതിന് കേരളത്തെ പര്യാപ്തമാക്കിയത്. സപ്ലൈകോയിലൂടെ സബ്സിഡി നിരക്കില്‍ നല്കുന്ന 13 ഇനം അവശ്യസാധനങ്ങളുടെ വില ആറുവര്‍ഷമായി സംസ്ഥാനത്ത് കൂട്ടിയിട്ടില്ല. ഓണക്കാലത്ത് അതിശക്തമായി വിപണിയില്‍ ഇടപെടാനും വിലക്കയറ്റം പിടിച്ചുനിര്‍ത്താനും സര്‍ക്കാരിന് സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.