ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത് അറുത്തുമുറിച്ച താക്കീതാണ്.. കൂടുതൽ പറയിപ്പിക്കരുത്. ഇല്ലാത്ത അധികാരം പ്രയോഗിക്കാൻ തുനിഞ്ഞാൽ തരിമ്പും വകവെയ്ക്കില്ല. ഭരണഘടനയ്ക്കുള്ളിൽ നിന്ന് പ്രവർത്തിച്ചാൽ അർഹിക്കുന്ന ആദരവും ബഹുമാനവും നൽകും. ലക്ഷ്മണരേഖ ലംഘിച്ചാൽ….. ആശയവിനിമയത്തിൻ്റെ പിണറായി സ്റ്റൈലിൽ, അളന്നു മുറിച്ച അർദ്ധവിരാമവും മൂർച്ചയുള്ള ചിരിയും.
പറയാനുള്ളതത്രയും മുഖ്യമന്ത്രി പറഞ്ഞു. ഒന്നിനും മറുപടി ബാക്കിവെച്ചില്ല. മാധ്യമങ്ങളെ മൈക്കു കണ്ടാൽ സർക്കാരിനതിരെ ക്ഷോഭവും രോഷവും അഭിനയിച്ച്, ഭരണഘടനയ്ക്ക് അതീതനാണെന്ന ഭാവത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന പത്രസമ്മേളനങ്ങളുടെ ഗ്യാസാണ് ഒറ്റക്കുത്തിന് മുഖ്യമന്ത്രി ഊരിവിട്ടത്. “ഇദ്ദേഹത്തിന് ആരു നൽകി ഈ അധികാരം” എന്ന ചോദ്യം കൊള്ളേണ്ടിടത്തു തന്നെ കൊള്ളും. ഭരണഘടനാപരമായ അധികാരത്തെ മാനിക്കും. അതല്ല, മോദിയും അമിത് ഷായും തന്ന അധികാരം വെച്ചാണ് കിളിത്തട്ടു കളിയെങ്കിൽ അക്കളി നടക്കില്ല. ആ താക്കീതാണ് ഇന്ന് മുഖ്യമന്ത്രി ഗവർണർക്ക് നൽകിയത്.
സംഘടനകളും മറ്റും സർവകലാശാലാ വളപ്പിനുള്ളിൽ പോസ്റ്ററുകൾ പതിക്കുന്നതിനെക്കുറിച്ചൊക്കെ ഗവർണർ നടത്തിയ പ്രതികരണങ്ങൾ പരമപുച്ഛത്തോടെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു എന്നു മാത്രമല്ല, ചാൻസലർ ആക്കിയെന്നുവെച്ച് സർവകലാശാല ഗവർണർക്ക് എഴുതിക്കൊടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. രാജ്ഭവൻ വളപ്പിൽ കാണിക്കേണ്ട അധികാരം പുറത്തു കാണിച്ചാൽ വകവെയ്ക്കില്ലെന്നാണ് മുഖ്യമന്ത്രി മുന്നറിയിപ്പു നൽകിയത്.
നിയമസഭ പാസാക്കിയ ബില്ലുകളുടെ കാര്യത്തിലും സർക്കാർ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നുതന്നെയാണ് സന്ദേശം. നിയമസഭ പാസാക്കിയെങ്കിൽ ബിൽ ഗവർണർ ഒപ്പിടും എന്ന് മുഖ്യമന്ത്രി കടുപ്പിച്ചു തന്നെ പറഞ്ഞു. ഒപ്പിടാതെ വെച്ചു താമസിപ്പിച്ചാൽ ആ സാഹചര്യം നേരിടാൻ സർക്കാർ ഒരുങ്ങിത്തന്നെയാണ് എന്നർത്ഥം. വിസിമാരെ നിയമിക്കുന്ന കാര്യത്തിലും സർവകലാശാലകളുടെ സ്വയം ഭരണം ഉറപ്പുവരുത്തുന്ന കാര്യത്തിലുമൊക്കെ സ്വീകരിച്ച നടപടികൾ തുടരും എന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം മുഖ്യമന്ത്രി വ്യക്തമാക്കി. ഗവർണർ ഉണ്ടാക്കാൻ ശ്രമിക്കുന്ന ഒരു സമ്മർദ്ദത്തിനും സർക്കാർ വഴങ്ങാൻ ഉദ്ദേശിക്കുന്നില്ല.
മോദി അമിത് ഷാ യജമാനന്മാരെ പ്രീണിപ്പിക്കാൻ ചില്ലറ അഭ്യാസങ്ങളൊക്കെ ആയിക്കോ എന്ന മട്ടിൽ ഗവർണർക്കെതിരെ രൂക്ഷ പരിഹാസം ചൊരിയാനും മുഖ്യമന്ത്രി മറന്നില്ല. ബിജെപി നേതൃത്വത്തെ സുഖിപ്പിക്കാനുള്ള ശ്രമങ്ങളായേ, ഗവർണറുടെ അതിരുവിട്ട നീക്കങ്ങളെ താൻ കാണുന്നുള്ളൂ എന്ന പരാമർശം ആരിഫ് മുഹമ്മദ് ഖാൻ്റെ മർമ്മത്തു കൊള്ളും.