ഭാരത് ജോഡോ യാത്രയുടെ സ്വീകരണത്തിനിടെ കോൺഗ്രസ് ജില്ലാ നേതാവിനെ റോഡിലിട്ട് ചവിട്ടി. യുഡിഎഫ് കൊല്ലം ജില്ലാ ചെയർമാനും ഭാരത് ജോഡോ യാത്രയുടെ ജില്ലാ കോർഡിനേറ്ററുമായ കെ സി രാജനാണ് ചവിട്ടേറ്റത്. ഇയാൾ മുൻ ഡിസിസി പ്രസിഡന്റാണ്. ചവിട്ടേറ്റതിന് പുറമെ കെ സി രാജൻ്റെ 4000 രൂപയും ആധാർ കാർഡും അടങ്ങിയ പേഴ്സും മോഷണം പോയി.
ഭാരത് ജോഡോ യാത്രയ്ക്ക് പരിപ്പാളി മുക്കടയിൽ നൽകിയ സ്വീകരണത്തിനിടയിലാണ് സംഭവം. ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ്, കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷ് എന്നിവർക്കൊപ്പമാണ് കെ സി രാജൻ പരിപാടിയിൽ പങ്കെടുത്തത്. ഇയാൾ കെപിസിസിയുടെയും ഡിസിസിയുടെയും പാസ് ഉൾപ്പെടെ ധരിച്ചിരുന്നു.
രാഹുൽ ഗാന്ധി സ്വീകരണ സ്ഥലത്തെത്തിയതോടെ നേതാക്കളും പ്രവർത്തകരും തിരക്ക് കൂട്ടി. ഇതിനിടയിൽ കെ സി രാജൻ നിലത്ത് വീണു. കെ സി രാജൻ നിലത്ത് വീണെങ്കിലും ഡിസിസി മുതൽ എഐസിസി വരെയുള്ള നേതാക്കൾ ഇയാളെ എഴുനേൽപ്പിക്കാൻ തയ്യാറായില്ല. ഇതിനിടയിൽ രാജന് ചവിട്ടേറ്റു. വീഴ്ചയിൽ കൈമുട്ടിനും പരുക്കേറ്റു. പിന്നാലെ പേഴ്‌സും മോഷണം പോയി. മൊബൈൽ ഫോൺ കൈയിലുണ്ടായിരുന്നതിനാൽ അത് നഷ്ട്ടമായില്ല. പരിക്കേറ്റ ഇയാൾ പരിപാടിയിൽ പങ്കെടുക്കാതെ വീട്ടിലേക്ക് മടങ്ങി. നേരത്തെയും ഭാരത് ജോഡോ യാത്രയിൽ മോഷണം നടന്നിരുന്നു.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയ നേതാക്കളെല്ലാം രാഹുലിനൊപ്പം പരിപാടിയുടെ മുൻനിരയിൽ നിൽക്കുമ്പോഴാണ് സംഭവം നടന്നത്.