ക്ഷേത്രങ്ങള്‍ക്ക് സമീപമുള്ള പള്ളികള്‍ സ്വമേധയാ പൊളിച്ചുമാറ്റണമെന്ന വിദ്വേഷ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് ക്യാബിനറ്റ് മന്ത്രി സഞ്ജയ് നിഷാദ്. എല്ലാ മതസ്ഥര്‍ക്കും അവര്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് ആരാധനാലയങ്ങള്‍ പണിയാനുള്ള സ്വാതന്ത്ര്യം ഈ രാജ്യത്തുണ്ട്. എന്നാല്‍ ക്ഷേത്രങ്ങള്‍ക്ക് സമീപമുള്ള മസ്ജിദുകള്‍ സ്വമേധയാ പൊളിച്ച് മറ്റൊരിടത്ത് സ്ഥാപിക്കണമെന്നാണ് തൻ്റെ അഭിപ്രായമെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. അയോധ്യ രാമക്ഷേത്രത്തിൻ്റെ കാര്യത്തില്‍ നടന്നതുപോലെ ഇത്തരം സ്ഥലങ്ങളില്‍ മസ്ജിദ് മറ്റൊരു പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് കൂടാതെ ക്രിമിനലുകള്‍ക്കും തീവ്രവാദികള്‍ക്കും മദ്രസകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ആരോപിച്ചു. മദ്രസകളില്‍ സര്‍വേ നടത്താനുള്ള യുപി സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ടായിരുന്നു ഇത്.
ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ ബിജെപി സഖ്യകക്ഷിയായ നിഷാദ് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനാണ് സഞ്ജയ് നിഷാദ്. യോഗി മന്ത്രിസഭയില്‍ ഫിഷറീസ് വകുപ്പിൻ്റെ ചുമതലയാണ് നിഷാദിനുള്ളത്.