ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ്റെ ‘റബ്ബർ സ്റ്റാമ്പ്’ പരാമർശത്തിന് മറുപടിയുമായി നിയമമന്ത്രി പി രാജീവ്. നിയമസഭ പാസാക്കിയ ബില്ലുകള്‍ അദ്ദേഹത്തിൻ്റെ പരിഗണനയിലാണ്. നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ക്ക് വിട്ടാല്‍ സ്വീകരിക്കേണ്ട നിയമപരമായ ചില രീതികളുണ്ട്. അത്തരം രീതികള്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ളതെന്നും നിയമമന്ത്രി പ്രതികരിച്ചു.
ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുമെന്നാണ് അദ്ദേഹം പറഞ്ഞത്. ബില്ല് പാസാവുന്നതിൻ്റെ ഓരോ ഘട്ടവും പൊതുസമൂഹത്തിന് മുന്നിൽ തുറന്നു കാട്ടുന്നത് ഭരഘടനാപരമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഗവര്‍ണര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്നത് സംബന്ധിച്ച് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 200 പറയുന്നുണ്ട്. അത് അറിയുന്ന അദ്ദേഹം അതിനനുസരിച്ച നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗവർണർ എന്തുചെയ്യണമെന്ന് ഞങ്ങൾ പറയേണ്ടതില്ലെന്നും ജനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റ് പാസാക്കിയ ബില്ലില്‍ എന്ത് നിലപാട് ഗവര്‍ണര്‍ സ്വീകരിക്കുന്നുവെന്ന് കാണാന്‍ കാത്തിരിക്കാമെന്നും മന്ത്രി പറഞ്ഞു. ബില്ലുകൾ ഗവർണർക്ക് മുന്പിലെത്തിയിട്ടില്ലെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ പറഞ്ഞത്. ബില്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ എത്തുന്നതിന് ഒരു നടപടിക്രമം ഉണ്ട്. എവിടെ എത്തിയെന്ന് ഗവര്‍ണര്‍ക്ക് അറിയാന്‍ കഴിയുമെന്നും മന്ത്രി പ്രതികരിച്ചു.