മുതിര്‍ന്ന ചില നേതാക്കള്‍ പാര്‍ട്ടി വിട്ടുപോകുന്നതില്‍ യാതൊരു ആശങ്കയുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. ഇത്തരം നേതാക്കള്‍ എത്ര വേഗം പാര്‍ട്ടി വിടുന്നോ അത്രയും നല്ലതാണെന്നും ജയ്റാം രമേശ് പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് എല്ലാം ലഭിച്ചവര്‍, അന്വേഷണ ഏജന്‍സികളെ പേടിയുള്ളവര്‍ എന്നീ രണ്ട് തരത്തിലുള്ള ആളുകളാണ് കോണ്‍ഗ്രസ് വിടുന്നത്. രണ്ടാമത്തെ വിഭാഗത്തിലുള്ളവരെ സംബന്ധിച്ചിടത്തോളം ബിജെപി വാഷിംഗ് മെഷിനെപ്പോലെയാണ്. ബിജെപിയില്‍ ചേരുന്ന നിമിഷം മുതല്‍ ആരോപണങ്ങളുടെ കറ മാഞ്ഞ് അവര്‍ ശുദ്ധരാകുമെന്നും ജയ്റാം രമേശ് പരിഹസിച്ചു.
കോണ്‍ഗ്രസില്‍ നിന്ന് എല്ലാ ആനുകൂല്യവും ലഭിച്ച് പാര്‍ട്ടി വിടുന്ന ഓരോ ആളുകള്‍ക്ക് പകരം പദവിക്കായി മുപ്പതോളം യുവാക്കള്‍ കാത്തുനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.