ഭാരത് ജോഡോ യാത്ര ഉത്തര്‍പ്രദേശില്‍ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം പര്യടനം നടത്തുന്നത് കോണ്‍ഗ്രസിന് അവിടെ ആളില്ലാത്തതിനാലാകാമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. കേരളത്തില്‍ കൂടുതല്‍ ദിവസവും യുപിയില്‍ കുറച്ച് ദിവസവും മാത്രം ജാഥ പര്യടനം നടത്തുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ഇ പി യുടെ മറുപടി. രണ്ടു ദിവസത്തില്‍ കൂടുതല്‍ ജാഥ നടത്തണമെങ്കില്‍ ആള്‍ക്കൂട്ടം വേണ്ടേ, അല്ലെങ്കില്‍ ആളുകളെയും കൊണ്ടുപോയി ജാഥ നടത്തേണ്ടി വരും. ആളില്ലാത്ത സ്ഥലത്ത് ജാഥ നടത്തിയിട്ട് കാര്യമില്ല. അതുകൊണ്ടായിരിക്കും ജാഥ യുപിയില്‍ രണ്ടുദിവസമായി കുറച്ചതെന്ന് ജയരാജന് പറഞ്ഞു. കോണ്‍ഗ്രസിന് അവരുടെ രാഷ്ട്രീയ പ്രചരണത്തിൻ്റെ ഭാഗമായി ജാഥ നടത്താന്‍ അവകാശമുണ്ട്. അതിനെ ആരും ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ കോണ്‍ഗ്രസിൻ്റെ ജാഥയില്‍ ഇടതുപക്ഷത്തിനെതിരെ തെറ്റായ വിമര്ശനങ്ങളുന്നയിക്കുന്നുണ്ടെങ്കില് അതിന് മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ കയ്യാങ്കളിക്ക് പിന്നില്‍ യുഡിഎഫിൻ്റെ ആസൂത്രണമാണെന്നും ഇ പി ജയരാജന് ആരോപിച്ചു. എല്‍ഡിഎഫ് എംഎല്‍എമാര്‍ക്കെതിരായ അതിക്രമങ്ങള്‍ ടിവിയില്‍ കാണിച്ചില്ല. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകുമെന്നും അദ്ദേഹം വ്യക്തമാക്കി.