ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത ദളിത് സഹോദരിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ലംഖിപൂർ ഖേരിയിലാണ് സംഭവം. കുട്ടികളെ ബലാത്സംഗം ചെയ്തതാണെന്ന് ബന്ധുക്കൾ ആരോപിച്ചു. ബൈക്കിൽ വന്ന ആളുകൾ മക്കളെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് കുട്ടികളുടെ അമ്മ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേസിൽ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള ഒരാൾ പെൺകുട്ടികളുടെ അയൽവാസിയാണ്.
പോസ്റ്റുമാർട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകു എന്ന് പോലീസ് പറഞ്ഞു. പെൺകുട്ടികളുടെ ദേഹത്ത് മുറിവുകളോ മറ്റ് പരിക്കുകളോ ഇല്ലെന്നും അന്വേഷണം നടക്കുകയാണെന്നും ഐജി ലക്ഷ്മി സിങ് പ്രതികരിച്ചു. ദളിത് സഹോദരിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പോലീസിനെ വിന്യസിപ്പിച്ചു.
സംഭവത്തെ ഉത്തർപ്രദേശ് പ്രതിപക്ഷ നേതാവും സമാജ്വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് അപലപിച്ചു. യോഗി ആദിത്യനാഥ് സർക്കാരിന്റെ കീഴിൽ ഗുണ്ടകൾ വിളയാടുകയാണെന്നും അഖിലേഷ് യാദവ് ആരോപിച്ചു. അമ്മമാരും സഹോദരിമാരും ദിവസേന ഗുണ്ടകളുടെ ഉപദ്രവങ്ങൾക്ക് ഇരയാകുകയാണ്. വിഷയത്തിൽ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണം. പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. പെൺകുട്ടികളുടെ മരണത്തെ തുടർന്ന് പ്രദേശത്തുണ്ടായ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ അഖിലേഷ് യാദവ് ട്വിറ്ററിൽ പങ്കുവെച്ചു.