ഗോവയില്‍ ഒരിക്കല്‍ക്കൂടി കോണ്‍ഗ്രസിനെ ബിജെപി ഒന്നാകെ വിഴുങ്ങിയിരിക്കുന്നു. നിയമസഭയില്‍ പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസിൻ്റെ 8 എംഎല്‍എമാരാണ് ബിജെപിയില്‍ ചേക്കേറിയിരിക്കുന്നത്. മൂന്ന് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഗോവയില്‍ നിന്ന് മാത്രം ഇത്ര വ്യാപകമായ കൊഴിഞ്ഞുപോക്ക് സംഭവിക്കുന്നത്. ഇങ്ങനെ മൂന്ന് വര്‍ഷത്തിനിടെ ഗോവയില്‍ നിന്ന് മാത്രം 18 കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്.
2019 ജൂലൈയിലായിരുന്നു സമാനമായ മറ്റൊരു കൊഴിഞ്ഞുപോക്ക്. അന്ന് പതിനഞ്ചില്‍ പത്ത് കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നു. പ്രതിപക്ഷ നേതാവായിരുന്ന ചന്ദ്രകാന്ത് കവ്ലേക്കറിൻ്റെ നേതൃത്വത്തിലായിരുന്നു ഈ കൂറുമാറ്റം. 40 അംഗ നിയമസഭയില്‍ തനിച്ച് കേവലഭൂരിപക്ഷമില്ലാതെ 17 അംഗങ്ങളുണ്ടായിരുന്ന ബിജെപിക്ക് 10 കോണ്‍ഗ്രസ് എംഎല്‍എമാരെ ഒപ്പം നിര്‍ത്താനായതോടെ സഭയില്‍ മൃഗീയ ഭൂരിപക്ഷം നേടാനായി.
മൂന്ന് വര്‍ഷത്തിനിപ്പുറം ഈ കൂറുമാറ്റം മുന്നില്‍ക്കണ്ട് ,അത് തടയാന്‍ കോണ്‍ഗ്രസ് വിചിത്രമായ പല പരിശ്രമങ്ങളും നടത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സ്ഥാനാര്‍ത്ഥികളെ ക്ഷേത്രങ്ങളിലും പള്ളികളിലും എത്തിച്ച് ബിജെപിയില്‍ പോകില്ലെന്ന് സത്യം ചെയ്യിക്കുകയും അവരില്‍ നിന്ന് സത്യവാങ്മൂലം എഴുതിവാങ്ങുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസിന്റെ അവസ്ഥയ്ക്ക് ഇക്കുറിയും മാറ്റമുണ്ടായില്ല. പതിനൊന്നില്‍ എട്ട് പേരും ബിജെപിയിലേക്ക് പോയി.
ഇങ്ങനെ കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ കണക്ക് പ്രകാരം കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചത് 26 പേരായിരുന്നു. എന്നാല്‍ അവരില്‍ 18 പേരെയും പിന്നീട് ബിജെപി വിലക്കെടുക്കുകയാണുണ്ടായത്.