ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും അന്തിയുറങ്ങിയത് പഞ്ചനക്ഷത്ര ഹോട്ടലിൽ. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്ന നേതാക്കൾ രാഹുലിനൊപ്പം പൊതുയിടങ്ങളിൽ നിർത്തിയിട്ടിരിക്കുന്ന കണ്ടെയ്നറുകളിൽ ഉറങ്ങുമെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ പ്രചാരണം. എന്നാൽ നേതാക്കൾക്ക് ഉറങ്ങാൻ കണ്ടെയ്നറുകൾ എത്തിയെങ്കിലും രാഹുൽ ഗാന്ധിയും സഹപ്രവർത്തകരും പഞ്ചനക്ഷത്ര ഹോട്ടലുകളിൽ റൂമെടുത്തു.
നേതാക്കൾക്കുറങ്ങാൻ തയ്യാറാക്കിയ കണ്ടെയ്നറുകളിലും പഞ്ചനക്ഷത്ര സൗകര്യങ്ങളുണ്ടായിരുന്നു. ലക്ഷങ്ങൾ ചെലവഴിച്ചാണ് കണ്ടെയ്നറുകളിൽ പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഒരുക്കിയത്. രാഹുൽഗാന്ധിക്ക് പ്രത്യേകമായി ഒരു കണ്ടയ്നറും, മറ്റു മുതിർന്ന രണ്ടോ മൂന്നോ നേതാക്കൾക്ക് ഓരോ കണ്ടെയ്നർ വീതവുമാണ് തയ്യാറാക്കിയിരുന്നത്. കണ്ടയ്നറുകളിൽ എസി, കട്ടിൽ, ശുചിമുറി തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുണ്ട്.
സെപ്റ്റംബർ പതിനൊന്നിന് കോൺഗ്രസിന്റെ പ്രധാന നേതാക്കൾ തിരുവന്തപുരത്തെ പഞ്ച നക്ഷത്ര ഹോട്ടലുകളിലും രാഹുൽ ബിഷപ് ഹൗസിൻ്റെ അതിഥി മന്ദിരത്തിലുമാണ് അന്തിയുറങ്ങിയത്. സെപ്റ്റംബർ പന്ത്രണ്ടിന് രാഹുൽ അടക്കമുള്ള പ്രധാന നേതാക്കളെല്ലാം കഴക്കൂട്ടത്തെ പ്രധാന ഹോട്ടലുകളിലും അന്തിയുറങ്ങി.
ഉത്തരേന്ത്യയിൽ നിന്നെത്തിയ ചില കോൺഗ്രസ് പ്രവർത്തകർ മാത്രമാണ് കണ്ടെയ്നറുകളിൽ അന്തിയുറങ്ങിയത്. രാഹുൽ പൊതുനിരത്തിൽ അന്തിയുറങ്ങുന്നു എന്ന പ്രചാരണം വ്യാജമാണെന്ന് തെളിഞ്ഞതോടെ കോൺഗ്രസിൻ്റെ പ്രചാരണങ്ങൾ കള്ളമാണെന്ന് തെളിഞ്ഞു. നേരത്തെയും ഭാരത് ജോഡോ യാത്രക്കെതിരെ ഫണ്ട് തട്ടിപ്പ് ഉൾപ്പടെയുള്ള ആരോപണങ്ങൾ ഉണ്ടായിരുന്നു.