വട്ടപ്പൂജ്യം വലിപ്പത്തില്‍ വകതിരിവും ചുമന്ന് രാഹുലിൻ്റെ പദയാത്ര
കെ ജി ബിജു
രണ്ടു കൈയും വിട്ടു സൈക്കളോടിക്കുന്നതുപോലെ, രണ്ടു കൈയും വിട്ട് രാജ്യവും ഭരിക്കാമെന്ന് വിഡ്ഢിച്ചിരിയോടെ വാദിച്ച, യുവവൈമാനികനായ പ്രധാനമന്ത്രിയെക്കുറിച്ചു പറഞ്ഞത് ഒ വി വിജയനാണ്. അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന പദയാത്രയെ എങ്ങനെ വിശേഷിപ്പിക്കുമായിരുന്നു? പറഞ്ഞു വരുമ്പോള്‍ യുവവൈമാനികനും പ്രധാനമന്ത്രിയുമായിരുന്ന ആളിൻ്റെ മകനാണല്ലോ രാഹുല്‍ ഗാന്ധിയും.
റബ്ബര്‍ ചെരുപ്പു, വട്ടത്തില്‍ വെട്ടി, കുഞ്ഞുങ്ങള്‍ വണ്ടിയുണ്ടാക്കിക്കളിക്കുന്ന ലാഘവത്തില്‍ രാജ്യഭാരം വീണ്ടെടുക്കാമെന്ന വ്യാമോഹവുമായി കണ്ടെയിനറിലേറി നേര്‍രേഖയില്‍ സഞ്ചരിക്കുകയാണ് ജവഹര്‍ ലാല്‍ നെഹ്രുവിൻ്റെ പേരക്കിടാവ്. രാജ്യാധികാരം നിശ്ചയിക്കുന്ന ഹിന്ദി ഹൃദയഭൂമിയിലെ നിര്‍ണായക സംസ്ഥാനങ്ങളിലൊന്നിലും ജാഥ പദമൂന്നുന്നില്ല. യുപിയും ഗുജറാത്തും മധ്യപ്രദേശുമൊന്നും താണ്ടാതെ നേരെ കശ്മീരിലേയ്ക്ക് വെച്ചു പിടിക്കുകയാണ്. നാടിനെ മഥിക്കുന്ന പ്രശ്‌നങ്ങളൊന്നും ജാഥയില്‍ ഉന്നയിക്കുന്നതേയില്ല. ബോണ്ടയും പഴം പൊരിയും തിന്ന് ചായയും കുടിച്ച് പത്രത്തിൻ്റെ ഒന്നാം പേജില്‍ ചിത്രം വരാനുള്ള ഗിമ്മിക്കുകളും കാട്ടി രാഹുൽ ഗാന്ധി നടത്തുന്ന കുറുമ്പു കളിയാണ് ഭാരത് ജോഡോ യാത്ര.
രാജ്യത്തിൻ്റെ മതേതര പാരമ്പര്യം വീട്ടെടുക്കുന്നതില്‍ ഒരു പങ്കും തങ്ങള്‍ക്കു നിര്‍വഹിക്കാനില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് ജാഥ നീങ്ങുന്നത്. രാജ്യത്തെ ശിഥിലീകരിക്കാന്‍ ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന പരിപാടികളെക്കുറിച്ചൊന്നും ഒരു വിമര്‍ശനവും പ്രതിഷേധവും ജാഥ ഉയര്‍ത്തുന്നതേയില്ല. അക്ഷരാര്‍ത്ഥത്തില്‍ രാജ്യത്തിൻ്റെ ദുരന്തമാവുകയാണ് കോണ്‍ഗ്രസും സോണിയാ കുടുംബവും.
ബിജെപിയുടെയും നരേന്ദ്രമോദിയുടെയും ഭരണം അവസാനിപ്പിക്കാനാണത്രേ ജാഥ. അതിനെന്താണ് കോണ്‍ഗ്രസ് ചെയ്യാന്‍ പോകുന്നത്? ബിജെപിയെക്കാള്‍ കടുത്ത ഹിന്ദുത്വ പ്രചരണം നടത്തുക. ഹിന്ദുത്വയെ തോല്‍പ്പിക്കാന്‍ ഹിന്ദുത്വയുടെ അപ്പനാകണം. അതാണ് രാഹുല്‍ നേതൃത്വം നൽകുന്ന ഉപജാപക സംഘത്തിൻ്റെ തിയറി.
കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇതു പുതിയ അടവൊന്നുമല്ല. കോണ്‍ഗ്രസിനു പേറ്റൻ്റുള്ള അഭ്യാസങ്ങളല്ലാതെ മറ്റെന്താണ് സംഘപരിവാറിൻ്റെ കൈയിലുള്ളത്? സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ വോട്ടിനും അധികാരത്തിനും വേണ്ടി തീവ്രഹിന്ദുത്വ വികാരം ഇളക്കിവിട്ടത് കോണ്‍ഗ്രസാണ്. ഓരോതവണയും ഡോസു കൂട്ടിക്കൂട്ടി അവര്‍ വിതച്ചു വളര്‍ത്തിയതാണ് സംഘപരിവാര്‍ കൊയ്‌തെടുത്തത്. ബാബറി മസ്ജിദ് രാമജന്മഭൂമി തര്‍ക്കം പടിപടിയായി കത്തിച്ച് കോണ്‍ഗ്രസ് കൈയടക്കിവെച്ചിരുന്ന രാജ്യാധികാരമാണ് ഒടുവില്‍ വെള്ളിത്താലത്തില്‍ വെച്ച് സംഘപരിവാറിന് സമ്മാനിച്ചത്. അതു വീണ്ടെടുക്കാന്‍ കളിച്ചു നോക്കുന്നതും പഴയ കളികള്‍ തന്നെ. പക്ഷേ, അതുണ്ടാക്കുന്ന ആപത്ത് തിരിച്ചറിയാനുള്ള വകതിരിവ് രാഹുല്‍ ഗാന്ധിയ്ക്കില്ല.
തുടക്കം നോക്കാം. 1948ല്‍ അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ ഉപതിരഞ്ഞെടുപ്പു നടന്നു. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചത് പൂര്‍വാഞ്ചല്‍ ഗാന്ധി എന്നറിയപ്പെട്ടിരുന്ന ബാബാ രാഘവ് ദാസ്. തീവ്രഹിന്ദു വര്‍ഗീയത ഇളക്കിവിട്ടായിരുന്നു തിരഞ്ഞെടുപ്പു പ്രചരണം. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിൻ്റെ പരമാധികാരിയാകാന്‍ അന്നത്തെ മുഖ്യമന്ത്രി ഗോവിന്ദ വല്ലഭ പന്ത് ആശ്രയിച്ചത് തീവ്രഹിന്ദുവര്‍ഗീയതയെ. മുഖ്യമന്ത്രി നേരിട്ടിറങ്ങി വര്‍ഗീയത ആളിക്കത്തിച്ചതോടെ കഷ്ടിച്ച് ആയിരത്തി മുന്നൂറോളം വോട്ടിന് ബാബാ രാഘവ് ദാസ് ജയിച്ചു. വിജയോന്മാദത്തില്‍ അവര്‍ നീക്കിയ അടുത്ത കരുവാണ്, വര്‍ഷങ്ങള്‍ക്കു ശേഷം ബാബറി മസ്ജിദിൻ്റെ പതനത്തില്‍ കലാശിച്ചത്. .
1949 ഡിസംബര്‍ 22. ഒരു സംഘം ബാബറി മസ്ജിദിനുള്ളില്‍ അതിക്രമിച്ചുകടന്ന് രാമവിഗ്രഹങ്ങള്‍ സ്ഥാപിച്ചു. രാമനും സീതയും പള്ളിക്കകത്ത് സ്വയംഭൂവായിരിക്കുന്നുവെന്ന നുണക്കഥ കെട്ടഴിച്ചുവിട്ടു. വിഗ്രഹം സരയൂ നദിയില്‍ കുളിപ്പിച്ച് പള്ളിക്കുള്ളില്‍ കടത്തിയത് ബാബാ രാഘവ് ദാസിൻ്റെ ഉറ്റ സുഹൃത്ത് ഹനുമാന്‍ പ്രസാദ് പൊദ്ദറിൻ്റെ നേതൃത്വത്തിലായിരുന്നു. ഇക്കാര്യം പിന്നീട് വെളിപ്പെടുത്തിയത് ആര്‍എസ്എസ് നേതാവ് നാനാജി ദേശ്മുഖ്. ആര്‍എസ്എസിന്റെ അണിയറ രഹസ്യങ്ങളറിയുന്ന പത്രപ്രവര്‍ത്തകന്‍ റാം ബഹാദൂര്‍ റായിയോടാണ് നാനാജി വള്ളിപുള്ളി വിടാതെ ഈ കഥ പറഞ്ഞത്.
ഇതു കൈയില്‍ നില്‍ക്കുന്ന കളിയല്ലെന്ന് ജവഹര്‍ലാല്‍ നെഹ്രുവിന് അറിയാമായിരുന്നു. അതുകൊണ്ട്, വിഗ്രഹങ്ങള്‍ ഒളിച്ചു കടത്തിയവരെ അറസ്റ്റ് ചെയ്യാനും സ്ഥാപിച്ചവ സരയൂനദിയിലെറിയാനും അദ്ദേഹം യുപി മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു. പക്ഷേ, അതു ചെവിക്കൊള്ളാനുള്ള മാനസിക വലിപ്പവും ദീര്‍ഘവീക്ഷണവും യുപി മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജെ ബി പന്തിനോ അദ്ദേഹത്തിൻ്റെ സര്‍ക്കാരിനോ ഉണ്ടായിരുന്നില്ല. പകരം സര്‍ക്കാര്‍ ചെലവില്‍ ഹിന്ദുത്വവാദികള്‍ക്ക് പൂജ നടത്താന്‍ അവര്‍ സന്ദര്‍ഭമൊരുക്കിക്കൊടുത്തു.
ഹനുമാന്‍ പ്രസാദ് പൊദ്ദറാകട്ടെ, അയോധ്യയില്‍ തമ്പടിച്ച് മുസ്ലിങ്ങള്‍ക്കെതിരെയുള്ള തീവ്രവര്‍ഗീയ പ്രചരണം തുടര്‍ന്നു. സംഘാടനവും പ്രചരണവും കേസു നടത്തിപ്പും സാമ്പത്തിക സമാഹരണവുമെല്ലാം സ്വന്തം നിലയില്‍ പൊദ്ദര്‍ ഏറ്റെടുത്തു. ആര്‍എസ്എസിനെക്കാള്‍ തീവ്രമായാണ് അക്കാലത്ത് കോണ്‍ഗ്രസ് രാമജന്മഭൂമി പ്രശ്‌നം വര്‍ഗീയവത്കരിച്ചത്. അതിന് ഇന്ത്യാ ചരിത്രത്തില്‍ ആവോളം തെളിവുകളുണ്ട്.
അയോധ്യ, കാശി, മഥുര എന്നീ ഹൈന്ദവര്‍ പുണ്യകേന്ദ്രങ്ങളായി കരുതുന്ന സ്ഥലങ്ങളെല്ലാം വീണ്ടെടുക്കണമെന്ന് ആദ്യം ആഹ്വാനം ചെയ്തതും ബിജെപിയുടെയോ ആര്‍എസ്എസിൻ്റെയോ നേതാക്കളല്ല. കോണ്‍ഗ്രസ് നേതാവും ഉത്തര്‍ പ്രദേശില്‍ രണ്ടു തവണ മന്ത്രിയുമായിരുന്ന ദാവു ദയാല്‍ ഖന്നയാണ് ആ പട്ടിക അവതരിപ്പിച്ചത്. 1983ല്‍ യുപിയിലെ മുസാഫിര്‍ നഗറില്‍ നടന്ന ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു ആഹ്വാനം. സമ്മേളനത്തിന് നേതൃത്വം നല്‍കിയത് രണ്ടു തവണ ഇന്ത്യയുടെ ആക്ടിംഗ് പ്രധാനമന്ത്രി പദം വഹിച്ച ഗുല്‍സാരിലാല്‍ നന്ദ അടക്കമുള്ളവര്‍. അങ്ങനെയൊരു ചരിത്രമുണ്ട്, കോണ്‍ഗ്രസിന്.
ആഹ്വാനത്തില്‍ അവസാനിപ്പിക്കുകയല്ല ഖന്ന ചെയ്തത്. അയോധ്യയിലും വാരണാസിയിലും മഥുരയിലും ഹിന്ദു ക്ഷേത്രങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് 1983 മെയ് മാസത്തില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയ്ക്ക് ഖന്ന ഒരു കത്തുമെഴുതി. തുളസീദാസിൻ്റെ ഇരുപതാം നൂറ്റാണ്ടിലെ അവതാരം എന്ന് സ്വയം വാഴ്ത്തിപ്പാടിയ ഈ കോണ്‍ഗ്രസ് നേതാവ് പിന്നീട് വിശ്വഹിന്ദു പരിഷത്തിൻ്റെ തീപ്പൊരി നേതാവായി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന മുദ്രാവാക്യം ഖന്നയില്‍ നിന്നാണ് ആദ്യം ഓര്‍ഗനൈസറും പിന്നീട് വിശ്വഹിന്ദു പരിഷത്തും ഏറ്റെടുത്തത്.
അയോധ്യയെയും വാരണാസിയെയും മഥുരയെയും ചൂണ്ടി വിദ്വേഷവെറിയില്‍ അലറുന്ന സംഘപരിവാറിനെ നമുക്കു പരിചയമുണ്ട്. പക്ഷേ, കോണ്‍ഗ്രസ് പണിത്, മൂര്‍ച്ച കൂടി തലങ്ങും വിലങ്ങും ഉപയോഗിച്ച ആയുധം ഒടുവില്‍ സംഘപരിവാര്‍ തട്ടിയെടുക്കുകയായിരുന്നു എന്നാണ് ചരിത്രം പറയുന്നത്.
2020ല്‍ പുറത്തിറങ്ങിയ വിനയ് സേതുപതിയുടെ, ജുഗല്‍ബന്ദി: മോദിയ്ക്കു മുമ്പുള്ള ബിജെപി എന്ന പുസ്തകം ചില ഇരുട്ടുമൂലകളിലേയ്ക്ക് വെളിച്ചം ചൊരിയുന്നുണ്ട്. 1983ല്‍ത്തന്നെ ബാബറി മസ്ജിദ് ഹിന്ദുക്കള്‍ക്ക് തുറന്നു കൊടുക്കാന്‍ ഇന്ദിരാഗാന്ധി ആലോചിച്ചിരുന്നതായി ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നുവത്രേ. പേരുവെളിപ്പെടുത്താല്‍ മടിച്ച ഒരു കോണ്‍ഗ്രസ് നേതാവായിരുന്നത്രേ ഇക്കാര്യം വിനയ് സേതുപതിയോട് വെളിപ്പെടുത്തിയത്. മുന്‍പ്രധാനമന്ത്രി നരസിംഹറാവുവിൻ്റെ ജീവചരിത്രകാരനാണ് വിനയ് സേതുപതി.
ഇന്ദിരാഗാന്ധിയുമായി നല്ല ബന്ധം നിലനിര്‍ത്താനും അവരെ പുകഴ്ത്തിപ്പാടാനും മുന്‍നിര ആര്‍എസ്എസ് നേതാക്കള്‍ അടിയന്തരാവസ്ഥക്കാലത്തു തന്നെ മത്സരിച്ചിരുന്നു. ബാബാസാഹേബ് ദേവറസ്, മധുകര്‍ ദത്താത്രേയ ദേവ്‌റസ് തുടങ്ങിയ വമ്പന്‍ ആര്‍എസ്എസ് മേധാവിമാരെല്ലാം സഞ്ജയ് ഗാന്ധിയുടെ കുപ്രസിദ്ധമായ ഇരുപതിന പരിപാടിയെ നിര്‍ലജ്ജം പുകഴ്ത്തി ഇന്ദിരാഗാന്ധിയുടെ സേവ പിടിക്കാന്‍ കുനിഞ്ഞു കുമ്പിട്ടു നിന്നിട്ടുണ്ട്. അടിയന്തരാവസ്ഥ രാജ്യത്ത് അച്ചടക്കവും ക്രമസമാധാനവും കൊണ്ടുവരുമെന്നായിരുന്നു ആര്‍എസ്എസിൻ്റെ ന്യായം. നിര്‍ബന്ധിത വന്ധ്യംകരണം, മുസ്ലിങ്ങള്‍ക്കെതിരെയെന്ന് വ്യാഖ്യാനിച്ച് അതും സമ്പൂര്‍ണമായി ആര്‍എസ്എസ് പിന്തുണച്ചു.
ഇരട്ട അംഗത്വത്തിൻ്റെ പേരില്‍ ജനതാപാര്‍ടിയെ പിളര്‍ത്തി, പഴയ ജനസംഘത്തെ ബിജെപിയായി പുനരുജ്ജീവിപ്പിച്ചത് ആര്‍എസ്എസാണ്. 1980ല്‍. എന്നാല്‍, കോണ്‍ഗ്രസ് തീവ്രഹിന്ദുത്വ വര്‍ഗീയതയുടെ കാര്‍ഡെടുത്ത് കളിപ്പോഴെല്ലാം ബിജെപിയെ കാഴ്ചക്കാരാക്കി കോണ്‍ഗ്രസിനെ സര്‍വാത്മനാ പിന്തുണയ്ക്കാന്‍ ആര്‍എസ്എസ് മടിച്ചില്ല. ഒരു കൈ കൊണ്ട് ബിജെപിയെ വളര്‍ത്തുകയും മറുകൈ കൊണ്ട്, കോണ്‍ഗ്രസിൻ്റെ ഹിന്ദുവര്‍ഗീയക്കളിയുടെ ലാഭത്തില്‍ മുറുകെപ്പിടിക്കുകയുമാണ് ആര്‍എസ്എസ് ചെയ്തത്.
അങ്ങനെ എപ്പോള്‍ വേണമെങ്കിലും തങ്ങള്‍ക്കു വിഴുങ്ങാവുന്ന തരത്തിലേയ്ക്ക് അവര്‍ കോണ്‍ഗ്രസിനെ പരുവപ്പെടുത്തി. 1989വരെ രാമജന്മഭൂമി കോണ്‍ഗ്രസിൻ്റെ തെരഞ്ഞെടുപ്പ് ആയുധമായിരുന്നുവെങ്കില്‍, പിന്നീടത് സംഘപരിവാര്‍ തട്ടിയെടുത്തു. അങ്ങനെ രാമജന്മഭൂമി പ്രശ്‌നം കുത്തിയിളക്കി കോണ്‍ഗ്രസ് വളര്‍ത്തിയെടുത്ത വോട്ടു ബാങ്ക്, ഒരു സുപ്രഭാതത്തില്‍ ബിജെപിയുടെ നിയന്ത്രണത്തിലായി. അതോടെയാണ്, തിരിച്ചു വരാത്തവിധത്തില്‍ കോണ്‍ഗ്രസ് ഉത്തരേന്ത്യയില്‍ തകര്‍ന്നു തരിപ്പണമായത്.
രണ്ടാം ഭാഗം – തീവ്രഹിന്ദുത്വപ്രീണനവും ബാബറി മസ്ജിദിൻ്റെ തകർച്ചയും : ആർഎസ്എസിന് ദീപശിഖ കൈമാറിയത് കോൺഗ്രസ്
1 Comment
Pingback: തീവ്രഹിന്ദുത്വപ്രീണനവും ബാബറി മസ്ജിദിൻ്റെ തകർച്ചയും : ആർഎസ്എസിന് ദീപശിഖ കൈമാറിയത് കോൺഗ്രസ് -