എകെജി സെന്ററിൽ ബോംബെറിഞ്ഞത് കോൺഗ്രസാണെന്ന് വ്യക്തമായി. കഴിഞ്ഞ ദിവസം എകെജി സെന്ററിൽ ബോംബെറിഞ്ഞ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഇയാൾ വിദേശത്തേക്ക് കടന്നതായും പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യത്തിന്റെ ശാസ്ത്രീയ പരിശോധനയിലാണ് പ്രതിയെ ഉറപ്പിച്ചത്. പ്രതിയെ ഏർപ്പാടാക്കിയത് യൂത്ത് കോൺഗ്രസാണെന്നും വ്യക്തമായി. ഉന്നത കോൺഗ്രസ് നേതാക്കളാണ് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് നിർദേശം നൽകിയത്. സ്‌ഫോടകവസ്തു എവിടെനിന്ന് ലഭിച്ചു, കൈമാറിയത് ആര് തുടങ്ങിയ വിവരങ്ങളും പോലീസിന് ലഭിച്ചു.
ജൂൺ മുപ്പതിന് രാത്രിയാണ് സ്കൂട്ടറിൽ എത്തിയ അക്രമി എകെജി സെന്ററിൽ ബോംബെറിഞ്ഞത്. സിപിഎം കേന്ദ്ര കമ്മറ്റി അംഗങ്ങൾ ഉൾപ്പടെ നിരവധി നേതാക്കൾ എകെജി സെന്ററിൽ ഉഉണ്ടായിരുന്ന സമയത്തായിരുന്നു സംഭവം. ആക്രമണം നടത്തിയത് കോൺഗ്രസാണെന്ന് സിപിഎം അന്നേ ആരോപിച്ചിരുന്നു. എന്നാൽ കോൺഗ്രസ് അത് നിഷേധിച്ചു. ആക്രമണത്തിന്റെ ആസൂത്രകർ പ്രതിപക്ഷ നേതാവ് വി ഡി സതീശനും, കെപിസിസി പ്രസിഡന്റ് കെ സുധാകരനുമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും പറഞ്ഞു. പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത് കോൺഗ്രസ് നേതൃത്വത്തിന് തിരിച്ചടിയായി.
ബോംബെറിഞ്ഞ സമയം പ്രതിയുടെ ഫോൺ ഓഫായിരുന്നു. അക്രമം കഴിഞ്ഞ് ഓൺചെയ്‌ത് കൂട്ടുപ്രതിയുമായി സംസാരിച്ചതിന്റെ ഡിജിറ്റൽ തെളിവും ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷക സംഘത്തിന്റെ പക്കലുണ്ട്. മുഖ്യമന്ത്രിയെ വിമാനത്തിൽ അക്രമിക്കാൻ ശ്രമിച്ച സംഭവത്തിലും ഇയാൾക്ക് പങ്കുണ്ട്. മുഖ്യമന്ത്രിയെ വിമാനത്തിൽ അക്രമിക്കാൻ പദ്ധതിയിട്ടതും കോൺഗ്രസ് നേതൃത്വമാണ്. കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥൻ അറസ്റ്റിലായിരുന്നു.