എ കെ ജി സെന്റർ അക്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞു. ഇയാൾ പ്രതിപക്ഷ യുവജന സംഘടനയുടെ നേതാവാണ്. പ്രതി വിദേശത്തേക്ക് കടന്നതായി പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ചു വരികയാണ്. കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച വിമാനത്തിലും ഇയാൾ ഉണ്ടായിരുന്നു.
എ കെ ജി സെന്റർ ആക്രമിക്കാൻ പദ്ധതിയിട്ട മുഖ്യസൂത്രധാരനും പോലീസ് നിരീക്ഷണത്തിലാണ്. പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തിനാണ് അന്വേഷണ ചുമതല. പ്രതികൾക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ചാലുടൻ അറസ്റ്റുണ്ടാകും. വിദേശത്തേക്ക് കടന്ന പ്രതിയെ തിരിച്ചെത്തിക്കാനുള്ള നടപടികളും ആരംഭിക്കും.
2022 ജൂൺ മുപ്പത്തിനാണ് എ കെ ജി സെന്ററിന് നേരെ ബോംബേറുണ്ടായത്. ബോംബെറിഞ്ഞശേഷം കുന്നുകുഴി ഭാഗത്തേക്കാണ് പ്രതി രക്ഷപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ പ്രതികൾ കോൺഗ്രസുകാരാണെന്ന് സിപിഎം ആരോപിച്ചിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വം നിഷേധിച്ചു. വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചത് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സിപിഎം ആരോപിച്ചിരുന്നെങ്കിലും അതും കോൺഗ്രസ് നേതൃത്വം നിഷേധിച്ചിരുന്നു. എന്നാൽ കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥൻ അറസ്റ്റിലായതോടെ പാർട്ടിയാണ് മുഖ്യമന്ത്രിയെ ആക്രമിക്കാൻ ഗൂഢാലോചന ചെയ്തതെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു.
എ കെ ജി സെന്റർ ബോംബാക്രമണ കേസിലെ പ്രതി പ്രതിപക്ഷ യുവജന സംഘടനയുടെ നേതാവാണെന്ന് പോലീസ് വ്യക്തമാക്കിയതോടെ കോൺഗ്രസ് നേതൃത്വം പ്രതികൂട്ടിലായി.